ന്യൂഡല്‍ഹി : 16 വര്‍ഷത്തിനുശേഷം രാജ്യത്ത് നടക്കുന്ന സെന്‍സസിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമാകും. ഡല്‍ഹി, കര്‍ണാടക, ഒഡീഷ, ഗോവ, ലക്ഷദ്വീപ്, മിസോറം, സിക്കിം, ആന്‍ഡമാന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഇന്ന് സെന്‍സസ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 31 വരെ ഒന്നാം ഘട്ടം തുടരും.
സെന്‍സസ് 2027 ന്റെ ആദ്യഘട്ടമായ ഭവനസെന്‍സസിന് മുന്നോടിയായുള്ള സ്വയം വിവരങ്ങള്‍ സമര്‍പ്പിക്കല്‍ ( സെല്‍ഫ് എന്യൂമറേഷന്) ഉള്‍പ്പെടെയാണ് ബുധനാഴ്ച ആരംഭിക്കുന്നത്. കേരളത്തില്‍ ഒന്നാം ഘട്ടം ജൂണ്‍ 16 ന് തുടങ്ങും. ജൂണ്‍ 30 വരെ സെല്‍ഫ് എന്യൂമറേഷന് ( ഓണ്‍ലൈനായി സ്വയം വിവരങ്ങള്‍ സമര്‍പ്പിക്കല്‍ ) നടത്താം.
തുടര്‍ന്ന് ജൂലൈ 01 മുതല്‍ 30 വരെയുള്ള കാലയളവില്‍ സെന്‍സസ് പ്രവര്‍ത്തകര്‍ വീടുകളിലെത്തി വിവരശേഖരണങ്ങള്‍ നടത്തും. വ്യക്തിവിവരങ്ങളും വീട്ടുവിവരങ്ങളുമാണ് ശേഖരിക്കുക. കെട്ടിടവിവരം, ഗൃഹോപകരണം, ദമ്പതികളുടെ എണ്ണം, ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ വിവരം, ജാതി വിവരം തുടങ്ങി 33 ചോദ്യങ്ങളാണ് ഒന്നാം ഘട്ടത്തിലുള്ളത്.
ആദ്യഘട്ട നടപടികള്‍ സെപ്റ്റംബര്‍ 30 ന് പൂര്‍ത്തിയാക്കിയശേഷം 2027 ഫെബ്രുവരിയില്‍ രണ്ടാം ഘട്ടം തുടങ്ങും. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തുക. ജാതി സെന്‍സസും ഇതോടൊപ്പം ഉണ്ടാകും. ആദ്യമായാണ് ജാതിവിവരം കൂടി സെന്‍സസിന്റെ ഭാഗമാകുന്നത്.
വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചുകഴിയുന്നവരെ ബന്ധം സ്ഥിരതയുള്ളതാണെങ്കില്‍, വിവാഹിതരായി സെന്‍സസില്‍ പരിഗണിക്കും. ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് ആയതിനാല്‍ ഒട്ടുമിക്ക വിവരങ്ങളും 2027 ല്‍ പ്രസിദ്ധീകരിക്കുമെന്ന് രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ വ്യക്തമാക്കി.



