Friday, August 1, 2025
No menu items!
Homeസ്ട്രീറ്റ് ലൈറ്റ്15 വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ജില്ലയില്‍ ഏറ്റവും അധികം വർധനയുണ്ടായ ടൂറിസ്റ്റ് കേന്ദ്രമാണ് രാമക്കല്‍മേട്

15 വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ജില്ലയില്‍ ഏറ്റവും അധികം വർധനയുണ്ടായ ടൂറിസ്റ്റ് കേന്ദ്രമാണ് രാമക്കല്‍മേട്

ചെറുതോണി: പ്രകൃതിയുടെ വശ്യസൗന്ദര്യവും ഐതീഹ്യങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് രാമക്കല്‍മേട്.

ആയിരക്കണക്കിന് അടി ഉയരത്തില്‍ ഒറ്റയാന്റെ തലയെടുപ്പ്. കുത്തനെയുള്ള വലിയ പാറ. അവിടെനിന്ന് നോക്കിയാല്‍ കൊടൈക്കനാലിലെ ആത്മഹത്യ മുനമ്ബിനെ വെല്ലുന്ന അഗാധമായ താഴ്‌വാരം.

പുല്‍മേടുകളും നിശ്ശബ്ദതയെ കീറിമുറിച്ചെത്തുന്ന ശക്തമായ കാറ്റും രാമക്കല്‍മേടിനെ സാഹസികതയുടെ വിളനിലമാക്കുന്നു. താഴെ ചതുരംഗ കളങ്ങള്‍പോലെ പരന്നുകിടക്കുന്ന നിലക്കടല പാടങ്ങള്‍. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിര്‍ത്തികള്‍ നിരനിരയായി നില്‍ക്കുന്ന തെങ്ങിൻ തോപ്പുകള്‍.

വഴികള്‍ക്ക് അതിരിടുന്ന പുളിമരങ്ങള്‍. ടാർ റോഡിലൂടെ പൊട്ടുപോലെ നീങ്ങുന്ന വാഹനങ്ങള്‍. അങ്ങകലെ വെള്ളി രേഖപോലെ ഒരു പുഴയും. തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ചുരുളിപ്പുഴ. അതിനുമപ്പുറം മേഘങ്ങള്‍കൊണ്ട് തലപ്പാവണിഞ്ഞ മേഘമല. ആയിരക്കണക്കിനേക്കർ കൃഷിയിടങ്ങള്‍. അവിടങ്ങളിലെ കാര്‍ഷിക വിഭവങ്ങളുടെ തരംതിരിവനുസരിച്ചുള്ള നിറഭേദങ്ങള്‍.

വർണച്ചായങ്ങളാല്‍ തുന്നിയ ചിത്രകമ്ബളംപോലെ സുന്ദരമാണ് ഈ കൃഷിയിടങ്ങളുടെ വിദൂര ദൃശ്യങ്ങള്‍. രാമക്കല്‍മേട്ടില്‍ സദാ ആഞ്ഞുവീശുന്ന കാറ്റ് നല്‍കുന്ന കുളിർമ സഞ്ചാരികളുടെ മനസ്സില്‍ തങ്ങിനില്‍ക്കും. 15 വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ജില്ലയില്‍ ഏറ്റവും അധികം വർധനയുണ്ടായ ടൂറിസ്റ്റ് കേന്ദ്രമാണ് രാമക്കല്‍മേട്. മുൻ വർഷങ്ങളെ അപേക്ഷിച്ച 40 ശതമാനത്തിലധികം വർധന. ദിനേന ശരാശരി 1200 പേർ വീതം ഇവിടെ എത്തുന്നുണ്ട്. മധ്യകേരളത്തിലെയും തമിഴ്‌നാട്ടിലെ തേനി, മധുര തുടങ്ങിയ ജില്ലകളിലെയും സഞ്ചാരികളാണ് എത്തുന്നവരില്‍ ഏറെയും.

തേക്കടി-മൂന്നാർ കേന്ദ്രങ്ങളിലേക്ക് പോകുന്ന വിദേശിയരടക്കം സഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്. മായ്ച്ചാലും മായാതെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്ന ദീപക്കാഴ്ചകളും ഉദയാസ്തമയവും പ്രകൃതിയുടെ വശ്യസൗന്ദര്യവും കുളിര്‍ക്കാറ്റും കാറ്റാടിപ്പാടങ്ങളുമായി രാമക്കല്‍മേട് സഞ്ചാരികളെ മാടിവിളിക്കുന്നു.

ദിനേന 1000 മുതല്‍ 2000 വരെ വിനോദസഞ്ചാരികള്‍ വരെ എത്തുന്ന രാമക്കല്‍മേട്ടില്‍ വികസനത്തിന്റെ കാറ്റിന് മാത്രം വേഗം പോര. രാമക്കല്‍മേടിന്‍റെ ഗാംഭീര്യത്തില്‍ മനസ്സൊന്നു പിടഞ്ഞാല്‍, കാലൊന്നു വഴുതിയാല്‍ അത് വന്‍ദുരന്തത്തിനാകും വഴിതുറക്കുക. പാറക്കെട്ടിനു മുകളിലൂടെയുള്ള യാത്ര ഹരംപകരുമെങ്കിലും അപകടം പലപ്പോഴും തലനാരിഴക്കാണ് ഒഴിവാകുന്നത്.

കാറ്റാടി പദ്ധതികള്‍ ആരംഭിച്ച ശേഷം സഞ്ചാരികളുടെ തിരക്ക് വർധിച്ചു. തിരക്ക് വർധിക്കുമ്ബോഴും രാമക്കല്‍മേടിന്റെ ദുര്‍ഗതിക്ക് അറുതിയായില്ല. ഒരുവശത്ത് മൂന്നു കിലോമീറ്ററോളം തമിഴ്‌നാട് വനമാണ്. ഇവിടെനിന്നുള്ള പന്നി, കുരങ്ങ്, പെരുമ്ബാമ്ബ് തുടങ്ങിയവയുടെ ശല്യം എറെയും മഴക്കാലത്താണ്. സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഡി.ടി.പി.സി പരാജയമാണെന്നും പറയാതെ വയ്യ.

രാമക്കല്‍മേടിന്‍റെ ഐതിഹ്യം

രാമക്കല്‍മേടിന് പൗരാണികമായ ഒരു പരിവേഷം കൂടിയുണ്ട്. ത്രേതായുഗത്തില്‍ രാവണനാല്‍ അപഹരിക്കപ്പെട്ട സീതയെ തേടി അലഞ്ഞ ശ്രീരാമൻ ലങ്കയിലേക്കുള്ള യാത്രാമധ്യേ ഈ മലമുകളില്‍ എത്തിയെന്നും ഇവിടെ വിശ്രമിച്ചുവെന്നും ഇവിടെ നിന്നുകൊണ്ട് നാലുഭാഗത്തേക്കും കണ്ണയച്ച്‌ സീതയെ വിളിച്ച്‌ വിലപിച്ചു എന്നുമാണ് ഐതീഹ്യം. സേതുബന്ധനത്തിനായി രാമേശ്വരം തെരഞ്ഞെടുത്തതും ഇവിടെ വെച്ചായിരുന്നത്രെ.

രാമക്കല്‍മേടിന് ഈ പേര് ലഭിച്ചതിനു പിന്നിലും ഐതിഹ്യമുണ്ട്. സീതാന്വേഷണ കാലത്ത് രാമന്‍ ചവിട്ടിയ പാടാണെന്ന വിശ്വാസത്തില്‍ ഈ സ്ഥലത്തിന് രാമക്കല്‍മേട് എന്ന് പേരു വീണു എന്നും പറയപ്പെടുന്നു. ഇത് ശരിവെക്കും വിധം ശ്രീരാമ പ്രതിഷ്ഠയുള്ള അമ്പലം ഇവിടെയുണ്ട്.

വേണം റോപ്‌വേ

റോപ്‌വേ നിർമിക്കുന്നത് സഞ്ചാരികളുടെ ഒഴുക്ക് കൂട്ടും. വാഗമണ്ണിലെപ്പോലെ ഗ്ലാസ് ബ്രിഡ്ജുകളും ആവശ്യമാണ്. സർക്കാറിന് ഫണ്ടില്ലാത്തതിനാല്‍ സ്വകാര്യ കമ്ബനികളുടെ പി.ഒ.പി മോഡല്‍ പാര്‍ക്കുകളും മറ്റും വന്നാല്‍ രാമക്കല്‍മേട് ടൂറിസം മുന്നോട്ടുപോകും. അമ്യൂസ്‌മെന്റും ബാത്‌റൂമുമൊക്കെ നവീകരിക്കേണ്ടതും ആവശ്യം. കോടികള്‍ ചെലവ് വരുന്നതിനാല്‍ ഗ്ലാസ് ബ്രിഡ്ജ് നിർമിക്കാൻ ബ്ലോക്ക് പഞ്ചായത്തിനാവില്ല. രാമക്കല്‍മേട് വികസനത്തിന് നെടുങ്കണ്ടം കേന്ദ്രീകരിച്ച്‌ സ്‌പൈസസ് മ്യൂസിയം സ്ഥാപിക്കണം. പുഷ്പക്കണ്ടത്ത് നീലക്കുറിഞ്ഞി പൂത്തതിനാല്‍ നീലക്കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിക്കണം. രാമക്കല്‍മേട്-ആമപ്പാറ റോപ്‌വേ സംവിധാനം നടപ്പാക്കണം. തൂക്കുപാലത്ത് പെഡല്‍ബോട്ട് സംവിധാനമൊരുക്കണമെന്നും നിർദേശമുണ്ട്.

ആമപ്പാറയും സോളാർ പാർക്കും

ടൂറിസ്റ്റുകളെ ഏറ്റവും കൂടുതല്‍ ആകർഷിക്കുന്നത് ആമപ്പാറയും സോളാർ പാർക്കും വ്യൂപോയന്റുമാണ്. പക്ഷേ, ഇങ്ങോട്ടേക്ക് ഓഫ്‌റോഡ് ജീപ്പ് അല്ലാതെ മറ്റ് സംവിധാനങ്ങളില്ല. ഓട്ടോപോലും കയറിപ്പോകില്ല.

സ്വന്തം വാഹനങ്ങളുമായി കുടുംബസമേതം എത്തുന്നവർക്കുപോലും വാഹനം കയറ്റിക്കൊണ്ട് പോകാൻ കഴിയില്ല. നല്ല റോഡ് വന്നാലെ ഇവിടെ വികസനം എത്തൂ. സാധാരണക്കാരന് 2000ഉം 2500ഉം മുടക്കി ഓഫ്‌റോഡ് ജീപ്പില്‍ സഞ്ചരിക്കാൻ കഴിയില്ല. ഈ ഭീമമായ തുക ഡി.ടി.പി.സി തീരുമാനിച്ചതല്ല. ഡി.ടി.പി.സി വ്യക്തിക്ക് 25 രൂപയും വയോധികർക്ക് 15ഉം കുട്ടികള്‍ക്ക് 10 രൂപയുമാണ് പാസ് ഏർപ്പെടുത്തിയിരിക്കുന്നത്.

ആമപ്പാറയിലെത്താൻ സുഗമമായ റോഡിനു പുറമെ കുടിവെള്ളവും അത്യവശ്യമാണ്. കുഴല്‍ക്കിണർ കുഴിക്കാൻ സ്വകാര്യ വ്യക്തി സൗജന്യമായി സ്ഥലം നല്‍കിയെങ്കിലും നൂലാമാലയില്‍ കുരുങ്ങി. ഹൈമാസ്റ്റ് ലൈറ്റ് അത്യാവശ്യമാണ്. ഗേറ്റ് ഉണ്ടെങ്കിലും രാത്രിയില്‍ ബാത്‌റൂമിനു പിന്നിലൂടെ സാമൂഹികവിരുദ്ധർ അകത്തു കടക്കാൻ സാധ്യത ഏറെയാണ്. അതിനാല്‍ വാച്ച്‌ ടവറിന് സമീപത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം. ഇവിടെ വൈഫൈ സംവിധാനവും ഒരുക്കണം. കൂടാതെ ശുചിത്വമിഷൻ പദ്ധതിയില്‍ ശൗചാലയം നിർമിക്കണമെന്നും ആവശ്യമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments