Tuesday, July 8, 2025
No menu items!
Homeവാർത്തകൾ14.5 കോടിയുടെ പൊട്ടച്ചാൽ തോട് പ്രളയ നിവാരണ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം; 18 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന്...

14.5 കോടിയുടെ പൊട്ടച്ചാൽ തോട് പ്രളയ നിവാരണ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം; 18 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ്

കൊച്ചി: കളമശ്ശേരി നഗരസഭയിലെ പൊട്ടച്ചാൽ, പരുത്തേലി പ്രദേശങ്ങളിൽ പ്രളയ – വെള്ളക്കെട്ട് സാധ്യതകൾ പൂർണ്ണമായി ഒഴിവാക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന പ്രളയ നിവാരണ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതി 18 മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.  

കളമശ്ശേരി നഗരസഭയിലെ അൽഫിയ നഗർ, അറഫാ നഗർ, വിദ്യാനഗർ, കൊച്ചി സർവകലാശാല തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് ചേർന്ന റീബിൽഡ് കേരള ഇനീഷ്യേറ്റീവ് ഇംപ്ളിമെൻ്റേഷൻ കമ്മിറ്റി പദ്ധതിക്ക് നേരത്തെ അംഗീകാരം നൽകിയിരുന്നു. പൊട്ടച്ചാൽ തോടിൻ്റെ സമഗ്ര നവീകരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വർഷങ്ങളായി വെള്ളക്കെട്ടുള്ള പ്രദേശത്ത് മന്ത്രി പി.രാജീവിൻ്റെ നിർദ്ദേശപ്രകാരം ജലവിഭവ വകുപ്പ് മാപ്പിംഗ് നടത്തിയാണ് പരിഹാര പദ്ധതി തയ്യാറാക്കിയത്. ബോക്സ് കൽവർട്ട് ഉപയോഗിച്ച് വീതി കൂട്ടി തോട് സംരക്ഷിക്കുന്നതാണ് പദ്ധതി. മഴക്കാലത്തെത്തുന്ന വെള്ളം മുഴുവൻ സുഗമമായി ഒഴുകിപ്പോകാൻ വഴിയൊരുക്കുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകൽപനയെന്ന് ഇറിഗേഷൻ വകുപ്പ് അറിയിച്ചു. കൽവർട്ടും പുന:സ്ഥാപിക്കും. പ്രളയജലം നിൽക്കാൻ സാധ്യതയുള്ള ഉയർന്ന വിതാനം അടിസ്ഥാനമാക്കിയാണ് ബോക്സ് കൽവർട്ട് സ്ഥാപിക്കുക. കൈയ്യേറ്റം മൂലം തോടിൻ്റെ വീതി ഗണ്യമായി കുറഞ്ഞിരുന്നു. പല സ്ഥലങ്ങളിലും നേരിയ നീർച്ചാലായി തോട് മാറി. വർഷകാലത്ത് ജലമൊഴുക്ക് താങ്ങാനുള്ള ശേഷിയില്ലാത്തതിനാൽ പെട്ടെന്ന് വെള്ളക്കെട്ടിന് കാരണമാവുകയും ചെയ്യുന്നതായി ജലവിഭവ വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ജനവാസ മേഖലകളായ പൊട്ടച്ചാൽ, കുസാറ്റ് തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാക്കാൻ പദ്ധതിയിലൂടെ കഴിയുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

1037 മീറ്റർ ദൈർഘ്യത്തിൽ തോടിൻ്റെ വീതി കൂട്ടും. മന്ത്രി തലത്തിൽ നിരവധി യോഗങ്ങൾ ചേർന്നാണ് പദ്ധതി അന്തിമമാക്കിയത്. പ്രദേശത്തിന്റെ ദീർഘകാലാവശ്യമാണ് ഇപ്പോൾ നിറവേറ്റപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. നേരത്തെ മന്ത്രി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർക്കൊപ്പം പദ്ധതി പ്രദേശം സന്ദർശിച്ചിരുന്നു. പദ്ധതിയെക്കുറിച്ച് അവതരണം നടത്തി പൊതുജനാഭിപ്രായം രൂപീകരിച്ചാണ് അന്തിമമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments