റിയാദ്: സൗദിയിലേക്ക് ഒരേ സന്ദര്‍ശന വിസയില്‍ ഒന്നിലധികം തവണ വരാന്‍ അനുവദിക്കുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തി. ഒറ്റത്തവണ മാത്രം രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്ന സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ക്ക് നിലവില്‍ നിയന്ത്രണമില്ല. ദീര്‍ഘകാല സന്ദര്‍ശന വിസകള്‍ വഴി രാജ്യത്ത് പ്രവേശിക്കുന്ന അനധികൃത ഹജ്ജ് തീര്‍ഥാടകരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ജോര്‍ഡന്‍, സുഡാന്‍, അള്‍ജീരിയ, ഇത്യോപ്യ, ഇന്തോനേഷ്യ, ഇറാഖ്, മൊറോക്കോ, നൈജീരിയ, ടുണീഷ്യ, യെമന്‍ എന്നീ 14 രാജ്യങ്ങളില്‍നിന്നുളളവര്‍ക്കാണ് നിയന്ത്രണം. സന്ദര്‍ശന വിസക്ക് പുറമെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസം, ബിസിനസ് വിസകളും നിര്‍ത്തിവെച്ചിട്ടുണ്ട്. മൂന്നുമാസത്തേക്ക് ഒന്നിച്ച് സൗദിയില്‍ താമസിക്കാവുന്ന ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകള്‍ക്കാണ് നിയന്ത്രണം. ഈ മാസം ഒന്നാം തീയതി മുതല്‍ നിബന്ധന ബാധകമാക്കിയിട്ടുണ്ട്.
പുതിയ നിയന്ത്രണപ്രകാരം 14 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് നിലവില്‍ സിംഗിള്‍ എന്‍ട്രി വിസകള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. സിംഗിള്‍ എന്‍ട്രി വിസകളെടുക്കുന്നവര്‍ക്ക് ഒരോ 30 ദിവസവും 100 റിയാല്‍ ഫീസ് അടച്ച് പുതുക്കേണ്ടിവരും. ഇങ്ങനെ രണ്ടുതവണ പുതുക്കി പരമാവധി 90 ദിവസം മാത്രമേ സൗദിയില്‍ താമസിക്കാനാവൂ. സിംഗിള്‍ എന്‍ട്രി വിസയിലെത്തിയ ശേഷം കാലാവധിക്കുമുമ്പ് സൗദിക്ക് പുറത്തുപോയാലും നിലവിലെ വിസ റദ്ദാകും. എന്നാല്‍ നിലവില്‍ സൗദിയില്‍ തുടരുന്ന മള്‍ട്ടിപ്ള്‍ എന്‍ട്രി വിസക്കാര്‍ക്ക് അത് പുതുക്കുന്നതിന് തടസമില്ലെന്ന് ജവാസത് ഡയറക്ടറേറ്റ് അറിയിച്ചു. പുതിയ നിയന്ത്രണം ഹജ്ജ്, ഉംറ, നയതന്ത്ര, തൊഴില്‍ വിസകളെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.