ടെഹ്റാൻ: യുദ്ധം അവസാനിച്ചെന്ന് ഇറാൻ. 12 ദിവസം നീണ്ടുനിന്ന ഇസ്രയേലുമായുള്ള യുദ്ധം അവസാനിച്ചെന്നാണ് ഇറാൻ പ്രസിഡന്റ് അറിയിച്ചത്. ശത്രുവിന് തക്കതായ ശിക്ഷ നൽകി. ഇറാനെ എതിര്‍ത്താൽ കനത്ത പിഴ നൽകേണ്ടി വരുമെന്ന് ലോകം തിരിച്ചറിഞ്ഞുവെന്നും ഇറാന്റെ കരുത്ത് സഹോദര രാജ്യങ്ങൾക്കായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ചെന്ന ആരോപണം ഇറാൻ നിഷേധിച്ചു. വെടിനിർത്തൽ ധാരണയ്ക്ക് പിറകെ ഇറാനിൽ നിന്ന് മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രയേൽ അറിയിച്ചിരുന്നു. തുടർന്ന് ഇസ്രയേലിൽ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി. ആക്രമണത്തിനെതിരെ തിരിച്ചടിക്കാൻ പ്രതിരോധമന്ത്രി നിർദേശം നൽകുകയും ചെയ്തു. അതേസമയം, ഇറാൻ മിസൈൽ അയച്ചതിനു തെളിവില്ലെന്ന് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കി. ആക്രമിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്നും ഇസ്രയേൽ ഇന്നലെ ആക്രമിച്ച ഇവിൻ തടവറയിൽ നിന്നുള്ള തടവുകാരെ ജയിൽ മാറ്റിയെന്നും ഇറാൻ മാധ്യമങ്ങൾ പറയുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവ് വന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലുണ്ടായ ഭീതി ഒഴിയുകയാണ്. പൂർവസ്ഥിതിയിൽ സർവീസ് തുടങ്ങി എന്ന് ഒമാൻ എയർ അറിയിച്ചു. ചെറിയ വൈകലുകൾ മാത്രമാണ് നേരിടുന്നത്. യാത്രക്കാർക്ക് എല്ലാ പിന്തുണയും നൽകുന്നുവെന്നും ഒമാൻ എയർ അറിയിച്ചു. 12 ദിവസം നീണ്ട ഇസ്രയേൽ- ഇറാൻ സംഘർഷത്തിന് ശേഷം വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഇസ്രയേൽ വ്യോമ പാത തുറന്നു. ഇസ്രയേൽ എയർപോർട്ട് അതോറിറ്റിയാണ് വ്യോമപാത വീണ്ടും തുറന്നതായി വ്യക്തമാക്കിയത്. ഇറാൻ ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ വ്യോമപാത പൂർണമായി അടച്ചത്.



