പ്രശസ്തമായ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ നടിയായി മാറി ദീപിക പദുക്കോൺ. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിൽ മൈലി സൈറസ്, തിമോത്തി ചാലമെറ്റ് തുടങ്ങിയ ആഗോള പ്രശസ്തർക്കൊപ്പം ദീപികയുടെ പേരും ഹോളിവുഡ് ചേംബർ ഓഫ് കൊമേഴ്സ് പ്രഖ്യാപിച്ചു.ഹോളിവുഡ് നടി എമിലി ബ്ലണ്ട്, ഫ്രഞ്ച് നടി കോട്ടില്ലാർഡ്, കനേഡിയൻ നടി റേച്ചൽ മക്ആഡംസ്, ഇറ്റാലിയൻ നടൻ ഫ്രാങ്കോ നീറോ, സെലിബ്രിറ്റി ഷെഫ് ഗോർഡൻ റാംസെ എന്നിവരെയും ഇക്കുറി ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ആദരിക്കപ്പെട്ടിട്ടുണ്ട്. വിവിധ മേഖലകളില്‍ നിന്നായി 35 വ്യക്തികളുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടത്. ഇന്ത്യയിൽനിന്ന് ഈ ബഹുമതി നേടുന്ന രണ്ടാമത്തെയാളാണ് ദീപിക. 60 വർഷം മുമ്പ് മൈസൂർ സ്വദേശിയായ നടൻ സാബു ദസ്തഗിർ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ഉൾപ്പെട്ടിരുന്നു. ആനപ്പാപ്പാനായിരുന്നു സാബുവിന്റെ പിതാവ്. റഡ്യാർഡ് കിപ്ലിങ്ങിന്റെ രചനയിൽ അമേരിക്കൻ ഫിലിംമേക്കർ റോബർട്ട് ഫ്ലാഹെർട്ടി സംവിധാനം ചെയ്ത ‘എലിഫന്റ് ബോയ്’ എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചാണ് സാബു ദസ്തഗിർ വെള്ളിത്തിരയിൽ അരങ്ങേറിയത്. 1937ലാണ് ചിത്രം റിലീസായത്. ഹോളിവുഡിൽ പിന്നീട് ‘ദി ഡ്രം’, ‘ദി തീഫ് ഓഫ് ബഗ്ദാദ്’, ‘അറേബ്യൻ നൈറ്റ്സ്’, ‘വൈറ്റ് സാവേജ്’, ‘കോബ്ര വുമൺ’ എന്നീ സിനിമകളിലെ അഭിനയം സാബുവിലെ പ്രതിഭയെ ലോകത്തിനു മുമ്പാകെ വെളിപ്പെടുത്തുന്നതായിരുന്നു. 1944ൽ അമേരിക്കൻ പൗരത്വം നേടിയ സാബു രണ്ടാം ലോക യുദ്ധത്തിൽ യു.എസ് ആർമിയിൽ സേവനം ചെയ്തിരുന്നു. 1960ൽ, ഹോളിവുഡിന്റെ സുവർണദശയിലാണ് സാബുവിനെ ഹോളിവുഡ് വാക് ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയത്. 1963ൽ തന്റെ 39-ാം വയസ്സിൽ അന്തരിച്ച സാബു ദസ്തഗിർ ഇന്ത്യൻ സിനിമകളിൽ ഒന്നിൽപോലും അഭിനയിച്ചിട്ടില്ല. ദീപികയുടേത് ഉൾപ്പെടെ തെരഞ്ഞെടുത്ത പേരുകൾ പ്രഖ്യാപിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് വാർണർ ബ്രദേഴ്‌സ് ടെലിവിഷന്റെ മുൻ സി.ഇ.ഒയും വാക്ക് ഓഫ് ഫെയിം സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ പീറ്റർ റോത്ത് പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ വിനോദ ലോകത്തിന് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അവരെ അർഹമായ അംഗീകാരം നൽകി ആദരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.