ഹോങ്കോങ്: ആറ് ജനാധിപത്യ പോരാളികൾക്ക് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഹോങ്കോങ് പൊലീസ്. വിദേശ രാജ്യങ്ങളിലുള്ള ഇവരെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് പത്തുലക്ഷം ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവർത്തനം നിലച്ച സ്റ്റുഡന്റ് ലോക്കലിസത്തിന്റെ മുൻ നേതാവ് ടോണി ചുങ്, ഹോങ്കോങ് ഡെമോക്രസി കൗൺസിൽ നേതാവ് കാർമെൻ ലോ, ഹോങ്കോങ്ങിലെ കമ്മിറ്റി ഫോർ ഫ്രീഡം തലവൻ ക്ലോയി ച്യൂങ് എന്നിവർക്കടക്കമാണ് അറസ്റ്റ് വാറന്റ്. ദേശീയ സുരക്ഷ നിയമ പ്രകാരം വിഘടനവാദം, അട്ടിമറി, വിദേശ ശക്തികളുമായി ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് വാറന്റ്.2019ലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനുശേഷം ജനാധിപത്യ പോരാളികൾക്കെതിരെ ഹോങ്കോങ് ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്.



