ഇടുക്കി: രൂക്ഷമായ വന്യമൃഗ ശല്യവും പ്രതികൂല കാലാവസ്ഥ തുടങ്ങിയ പ്രതിസന്ധികള്‍ തരണം ചെയ്യാൻ ബുദ്ധിമുട്ടായതോടെ ഇക്കുറി ഓണകൃഷിയുമില്ലെന്നതാണ് സ്ഥിതി. വരള്‍ച്ചയും പ്രളയവും പ്രതിസന്ധിയായി മാറിയ ഹൈറേഞ്ചില്‍ ഇക്കുറി പച്ചക്കറി കൃഷിയും വിരളമായി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഏത്തക്കായും മരച്ചീനിയും ഹൈറേഞ്ചിലാണ് ഉല്പാദിപ്പിച്ചിരുന്നത്. ഇവ ടണ്‍ കണക്കിന് കയറ്റി അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറക്കുമതി ചെയ്യേണ്ടിവരുന അവസ്ഥയിലാണ്. അടിമാലി, മാങ്കുളം, കൊന്നത്തടി, രാജാക്കാട്, വെള്ളത്തൂവല്‍, രാജകുമാരി, വാത്തിക്കുടി പഞ്ചായത്തുകളിലാണ് ഇവ കൂടുതലും ഉണ്ടായിരുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ മാത്രമാണ് കൃഷി അവശേഷിക്കുന്നത്. വ്യാപകമായിരുന്ന പാവല്‍, പയർ കൃഷികളും ഇപ്പോള്‍ കാര്യമായില്ല. പച്ചക്കറിക്കൃഷി ഉപേക്ഷിച്ച് ചില കർഷകർ മരച്ചീനി കൃഷി ചെയ്തു തുടങ്ങി. എന്നാല്‍ കാട്ടുപന്നിയും കാട്ടാനയും വില്ലനായി മാറി. ഇക്കുറി ഓണക്കാലത്ത് കൃഷിയും വിളവെടുപ്പും ഓർമ മാത്രമാണെന്ന് കർഷകർ പറയുന്നു.
വാഴക്കൃഷി സജീവമായിരുന്ന വാഴക്കർഷകർക്കും നഷ്ടക്കണക്കാണ് പറയാനുള്ളത്. പ്രളയവും വരള്‍ച്ചയും കാട്ടാന ശല്യവും പതിവായതോടെ കർഷകരുടെ മനസ്സ് തകർന്നതാണ് കൃഷി കുറയാൻ കാരണം. കർഷകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും അവർ കാർഷിക മേഖലയിൽ നിലനിൽക്കുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ശ്രദ്ധ ആവശ്യമാണ്.