Friday, August 1, 2025
No menu items!
Homeആരോഗ്യ കിരണംഹൃദയഭിത്തി തകര്‍ന്ന 67കാരനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ്

ഹൃദയഭിത്തി തകര്‍ന്ന 67കാരനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ്

തൃശൂര്‍: ഹൃദയഭിത്തി തകര്‍ന്ന് അതീവ സങ്കീര്‍ണാവസ്ഥയിലായിരുന്ന 67കാരനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ്. ഹൃദയാഘാതത്തെ തുടർന്ന് ഹൃദയത്തിന്റെ ഭിത്തി തകര്‍ന്ന് രക്തസമ്മര്‍ദം കുറഞ്ഞ് കാര്‍ഡിയോജനിക് ഷോക്ക് എന്ന അവസ്ഥയില്‍ ആയിരുന്നു രോഗി. ലോകത്തിലെ അത്യാധുനിക ചികിത്സാ കേന്ദ്രങ്ങളില്‍ പോലും ഈ അവസ്ഥയിലെത്തുന്ന രോഗികളില്‍ 90 മുതല്‍ 95 വരെ ശതമാനത്തേയും രക്ഷപ്പെടുത്താന്‍ സാധിക്കില്ല. ശസ്ത്രക്രിയ നടത്തി തകര്‍ന്ന ഹൃദയഭിത്തി അടയ്ക്കാന്‍ ശ്രമിച്ചാല്‍ ഹൃദയാഘാതം മൂലം നശിച്ച പേശികള്‍ തകര്‍ന്ന് അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാകും. അതിനാല്‍ കാത്ത് ലാബ് വഴി നൂതന ചികിത്സ നല്‍കിയാണ് രോഗിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. മൂന്ന് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം രോഗി പരിപൂര്‍ണ സുഖം പ്രാപിച്ചു വീട്ടിലേയ്ക്ക് മടങ്ങി. സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ രോഗിയെ രക്ഷിച്ചെടുത്ത മെഡിക്കല്‍ കോളജിലെ എല്ലാ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.

കുറുമല സ്വദേശിയായ 67 വയസുകാരനെ ക്രിസ്മസ് ദിനത്തില്‍ ശക്തമായ നെഞ്ചുവേദനയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ഹാര്‍ട്ട് അറ്റാക്ക് ആണെന്ന് കണ്ടെത്തി. തുടര്‍ പരിശോധനയില്‍ ഹൃദയാഘാതം കാരണം ഹൃദയത്തിന്റെ ഭിത്തി തകര്‍ന്നതായി കണ്ടെത്തി.

ഹൃദയത്തിന്റെ രണ്ടു വെന്‍ട്രിക്കിളുകള്‍ക്കിടയിലുള്ള ഭിത്തിയായ വെന്ററിക്കുലാര്‍ സെപ്റ്റം തകര്‍ന്നു രക്തം ഒഴുകിയിരുന്നു. ഇത് മൂലം രക്തസമ്മര്‍ദം വളരെ കുറഞ്ഞ് കാര്‍ഡിയോജനിക് ഷോക്ക് എന്ന അവസ്ഥയില്‍ ആയിരുന്നു.സങ്കീര്‍ണ ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാല്‍ രോഗിയെ രക്ഷപ്പെടുത്താനുള്ള അവസാന മാര്‍ഗം എന്ന രീതിയില്‍ ഓപ്പറേഷന്‍ അല്ലാതെ കാലിലെ രക്തകുഴലിലൂടെ ഒരു കത്തീറ്റര്‍ ഹൃദയത്തിലേക്ക് കടത്തി വിസിആര്‍ ഒക്ലുഡര്‍ ഉപയോഗിച്ച് തകര്‍ന്ന ഭാഗം അടയ്ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു.

ഈ ചികിത്സ അത്യന്തം ശ്രമകരവും അപകടം പിടിച്ചതുമാണ്. മാത്രമല്ല ഇത് വളരെ വിരളമായി ചെയ്യുന്ന ഒന്നായതിനാല്‍ ആവശ്യമുള്ള വില കൂടിയ ഉപകരണങ്ങള്‍ സംഘടിപ്പിക്കുക എന്നതായിരുന്നു മറ്റൊരു പ്രശനം. സര്‍ക്കാരിന്റെ ചികിത്സാ സ്‌കീമുകള്‍ ഉപയോഗിച്ചാണ് ഇത് പരിഹരിച്ച് 4 മണിക്കൂര്‍ നീണ്ട ചികിത്സ പൂര്‍ത്തിയാക്കിയത്.

ഒരാഴ്ചക്ക് ശേഷം രോഗിയെ ആന്‍ജിയോഗ്രാം നടത്തി ഹാര്‍ട്ട് അറ്റാക്കിന് കാരണമായ രക്തകുഴലിന്റെ ബ്ലോക്ക് നീക്കി. വളരെ അപൂര്‍വമായി മാത്രമേ ഈ തരത്തിലുള്ള രോഗികള്‍ രക്ഷപെടാറുള്ളു. ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവ് വരുന്ന ചികിത്സ തികച്ചും സൗജന്യമായാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments