തെൽ അവീവ്: ഹിസ്ബുല്ല നേതാവ് ഹാഷിം സഫീദ്ദീനെ വധിച്ചുവെന്ന് ഇസ്രായേൽ. ഹിസ്ബുല്ലയുടെ അടുത്ത മേധാവിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് ഹാഷെം സഫീദ്ദീൻ. ഒക്ടോബർ ആദ്യം സഫീദ്ദീനെ വധിച്ചുവെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. ബെയ്റൂത്തിൽ നടത്തിയ ആക്രമണത്തിലാണ് സഫീദ്ദീൻ കൊല്ലപ്പെട്ടതെന്നാണ് സൂചന. സഫീദ്ദീനൊപ്പം ഹിസ്ബുല്ലയുടെ ഇന്റലിജൻസ് ബ്രാഞ്ചിന്റെ തലവൻ അലി ഹുസൈൻ ഹാസിമിയേയും കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ അവകാശപ്പെട്ടു.
മൂന്നാഴ്ച മുമ്പ് നടത്തിയ ആക്രമണത്തിലാണ് ഇരുവരേയും വധിച്ചതെന്നും ഇസ്രായേൽ അറിയിച്ചു. ഹിസ്ബുല്ലയുടെ മുൻ സെക്രട്ടറി ജനറൽ ഹസൻ നസറല്ലയെ വധിച്ചതിന് ശേഷം ഇതാദ്യമായാണ് സംഘടനയുടെ മുതിർന്ന നേതാക്കളെ ഇസ്രായേൽ കൊലപ്പെടുത്തുന്നത്. ഹിസ്ബുല്ലയുടെ രാഷ്ട്രീയകാര്യസമിതിയുടെ തലവനാണ് സഫീദ്ദീൻ. ഹിസ്ബുല്ലയുടെ മുൻ സെക്രട്ടറി ജനറലിന്റെ ബന്ധു കൂടിയാണ് അദ്ദേഹം.
ഇസ്രായേൽ അവകാശവാദത്തോട് ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, സഫീദ്ദീൻ കൂടി കൊല്ലപ്പെട്ടതോടെ പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടുന്ന ഹിസ്ബുല്ലയുടെ ഇനിയുള്ള മുതിർന്ന നേതാവ് നയീം ക്വാസേമാണ്. നിലവിൽ സംഘടനയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് ക്വാസേം. നസ്റുല്ലയുടെ മരണത്തിന് ശേഷം ക്വാസേമാണ് ഹിസ്ബുല്ലയുടെ മുഖമായി ലബനാനിൽ നിറഞ്ഞു നിൽക്കുന്നത്.



