ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപി ഹാട്രിക് ജയം നേടിയപ്പോള്‍ ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം ആധിപത്യമുറപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ ഫലം പുറത്തു വരുമ്പോള്‍ ഹരിയാനയില്‍ ബിജെപി 48 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസിന് 37 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഐഎന്‍എല്‍ഡി രണ്ടും മറ്റുള്ളവര്‍ 3 സീറ്റിലും വിജയിച്ചു. റീ കൗണ്ടിങ് ബിജെപി ആവശ്യപ്പെട്ട റോത്തഗ് മണ്ഡലത്തില്‍ മാത്രമാണ് ഫലം വൈകുന്നത്. ജമ്മു കശ്മീരില്‍ 90 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യം 48 സീറ്റുകളില്‍ വിജയിച്ചു. ബിജെപിക്ക് 29 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. കോണ്‍ഗ്രസ്- 6, ജെകെപിഡിപി-3, ജെപിസി-1, സിപിഎം-1, എഎപി-1, മറ്റുള്ളവര്‍- 7 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഗ്രാമീണ മേഖലയില്‍ മുന്നേറിയ കോണ്‍ഗ്രസിന്, പക്ഷെ നഗരമേഖലയിലേക്ക് വോട്ടെണ്ണല്‍ കടന്നതോടെ കാലിടറുകയായിരുന്നു. ജാട്ട് മേഖലയിലെ സ്വാധീനം അരക്കിട്ടുറപ്പിച്ചാണ് ബിജെപി മൂന്നാംവട്ടവും അധികാരം ഉറപ്പാക്കിയത്. ഡല്‍ഹിക്കും പഞ്ചാബിനും പുറമെ, ഹരിയാനയിലും ശക്തി പരീക്ഷിക്കാനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് കാലിടറി. ഒരിടത്തും എഎപിക്ക് വിജയിക്കാനായില്ല.
മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ നായബ് സിങ് സൈനി ലാഡ് വ മണ്ഡലത്തില്‍ 36,613 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട് തകര്‍പ്പന്‍ ജയം നേടി. രാഷ്ട്രീയ ഗോദയിലെ കന്നി മത്സരത്തില്‍ ബിജെപിയുടെ യോഗേഷ് കുമാറിനെ 6015 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഫോഗട്ട് പരാജയപ്പെടുത്തിയത്. മത്സരരംഗത്തുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ പ്രമുഖരായ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ, മുന്‍ ഉപമുഖ്യമന്ത്രി ചന്ദര്‍ മോഹന്‍, സാവിത്രി ജിന്‍ഡാല്‍, ആദിത്യ സുര്‍ജേവാല എന്നിവരും വിജയിച്ചു.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയാണ് ജമ്മു കശ്മീരില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ട്രെന്‍ഡ് ദൃശ്യമായത്. ഇഞ്ചോടിഞ്ച് പോരാട്ടമെന്ന പ്രവചനങ്ങള്‍ തകര്‍ത്ത് നാഷനല്‍ കോണ്‍ഫറന്‍സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സ്വതന്ത്രരെ ഇറക്കി ബിജെപി നടത്തിയ കളിയില്‍ പിഡിപിക്ക് അടിതെറ്റിയെങ്കിലും അവിടെ നാഷനല്‍ കോണ്‍ഫറന്‍സ് (എന്‍സി) കോണ്‍ഗ്രസ് സഖ്യം അധികാരം പിടിക്കുകയായിരുന്നു. കശ്മീര്‍ താഴ്വര മേഖല നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി തൂത്തു വാരിയപ്പോള്‍ ജമ്മു മേഖലയിലാണ് ബിജെപിക്ക് പിടിച്ചു നില്‍ക്കാനായത്. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പിഡിപി രണ്ടിടത്ത് മാത്രമായി ഒതുങ്ങി. മെഹബൂബയുടെ മകള്‍ ഇല്‍തിജ മുഫ്തി സ്രിഗുഫ്വാര- ബ്രിജ് ബെഹാര മണ്ഡലത്തില്‍ പരാജയപ്പെട്ടു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള മത്സരിച്ച ബുദ്ഗാമിലും ഗന്ദേര്‍ബാല്‍ മണ്ഡലത്തിലും വിജയിച്ചു.