തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ മികച്ച പച്ചത്തുരുത്തുകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം വിതരണം ചെയ്തു. സംസ്ഥാന തലത്തില്‍ ഒന്നാം സമ്മാനം കണ്ണൂര്‍ മുഴക്കുന്ന് പഞ്ചായത്തിന് ലഭിച്ചു. പത്തനംതിട്ട തുമ്പമണ്‍, പാലക്കാട് കാഞ്ഞിരപ്പുഴ എന്നീ പഞ്ചായത്തുകള്‍ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. പുരസ്‌കാരത്തിന് അര്‍ഹരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
സംസ്ഥാനത്ത് ഹരിത കേരളം മിഷൻ്റെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായി മികവുറ്റ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. അത്തരത്തില്‍ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ളതാണ് പച്ചത്തുരുത്ത്. പൊതു ഭൂമിയിലും സ്വകാര്യ ഭൂമിയിലും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് ജൈവവൈവിധ്യം നിലനിര്‍ത്തുന്നതാണ് പച്ചത്തുരുത്തുകള്‍. 2019-ലെ പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായി 1,272 ഏക്കറിലായി 4,030 പച്ചത്തുരുത്തുകള്‍ നിലവിലുണ്ട്. ലോകത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് ഹരിത കേരളം മിഷന്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ചടങ്ങില്‍ മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാനതലത്തില്‍ മികവുതെളിയിച്ച പച്ചത്തുരുത്തുകളെക്കുറിച്ചുള്ള അവതരണവും ചടങ്ങില്‍ നടന്നു.



