പൂച്ചാക്കൽ: വീടിൻ്റെ ചുമരുകളിൽ എവിടെയും കവിതകൾ. പൂക്കൽ, പക്ഷികൾ, മയിലുകൾ, വയലുകൾ അങ്ങനെ എന്തിനെക്കുറിച്ചും കവിതകൾ. പ്രകൃതിയിലേക്ക് നോക്കുമ്പോൾ ഹരിചന്ദനയുടെ മനസിലാകെ ചന്ദനചാരുതയാർന്ന കവിതാധ്വനികൾ. അതാവട്ടെ കൂടുതലും രൂപപ്പെട്ടിരിക്കുന്നത് വീടിൻ്റെ ഭാഗങ്ങളിൽ. ജനൽപ്പാളികൾ, വാതിലുകൾ അങ്ങനെ വീടിൻ്റെ എവിടെ നോക്കിയാലും ഈ കുട്ടിക്കവിയുടെ നറുകവിതകൾ കാണാം.
ചേർത്തല പാണാവള്ളി മഴുമ്മേൽ വീട്ടിൽ റ്റി.ഗിരീഷ് – സോണി ദമ്പതികളുടെ മൂത്ത മകളാണ് ഹരിചന്ദന. പാണാവള്ളി എസ് എൻ ഡി എസ് വൈ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ഹരിചന്ദന ഗിരീഷ്. ഒരു ദിവസം ക്ലാസിൽ ഹോംവർക്ക് എഴുതിയ ബുക്ക് കൊടുത്തപ്പോൾ ഹരിചന്ദന എഴുതിയ കവിതാശകലം ടീച്ചറുടെ കണ്ണിലുടക്കി. നോക്കിയപ്പോൾ ബുക്കിൽ നിറയെ ലളിതവും സുന്ദരവുമായ കുട്ടിക്കവിതകൾ. കവിതകൾ വായിച്ച അധ്യാപകരും സഹപാഠികളും പിൻന്തുണയുമായി കൂടെ നിന്നു. മഴവില്ലിൻ്റെ മനോഹാരിത പോലെ സുന്ദരമായ ഹരിചന്ദനയുടെ കവിതകൾ വായനാദിനങ്ങളിലും മറ്റു പരിപാടികളിലും സ്കൂളിൽ ഒഴിച്ചുകൂടാനാവാത്തതായി. കുഞ്ഞുണ്ണി മാഷിൻ്റെ കവിതകളാണ് ഹരിചന്ദനയ്ക്ക് കൂടുതൽ ഇഷ്ടം.
സംസ്കൃത അധ്യാപിക സിനി എസ്, ക്ലാസ് ടീച്ചർ ഷീജ സുഹാസ്, സ്കൂൾ മാനേജർ അഡ്വ.എസ്. രാജേഷ് എന്നിവരുടെ കൂടുതൽ താൽപ്പര്യത്തിൽ ഹരിചന്ദന രചിച്ച കവിതകൾ കവിതാ സമാഹാരമായി പ്രകാശനം ചെയ്തു. ‘കുഞ്ഞു മനസിലെ കവിതകൾ’ എന്ന പേരിൽ ഹരിചന്ദന രചിച്ച 12 കവിതകളാണ് സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്കൂളിൽ നടന്ന ചടങ്ങിൽ യുവസാഹിത്യകാരി ദീപാ ദിനേശൻ പുസ്തക പ്രകാശനം നിർവഹിച്ചു. പുസ്തകത്തിൻ്റെ കവർ പേജ് ഡിസൈൻ ചെയ്തിരിക്കുന്നത് അധ്യാപകനായ ജീവാനന്ദ് ആണ്. അധ്യാപകരായ ജയശ്രീ, കെ.പി ഷിബു, ദീപ, ബിജി വത്സ, പ്രധാന അധ്യാപിക ബീന ബി എന്നിവരുടെ പൂർണ പിൻന്തുണയും ഉണ്ട്. നാട്ടിൻപുറത്തെ കവിതാ രചന മത്സരത്തിലും വിധികർത്താവായും ഈ കൊച്ചു മിടുക്കി സജീവമാണ്.