മക്ക: ഹജ്ജ് തീർത്ഥാടനത്തിന് എത്തുന്നവർക്ക് താപനില മുന്നറിയിപ്പ് നൽകി. ഹജ്ജ് അനുഷ്ഠാന ദിനങ്ങളിൽ മക്കയിലെ താപനില 47 ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. പകൽ സമയത്തെ ശരാശരി താപനില 40-47 ഡിഗ്രിയും രാത്രിയിലേത് 27-32 ഡിഗ്രിയും ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 25-35 കിലോമീറ്റർ വേഗത്തിലുള്ള വടക്കുപടിഞ്ഞാറൻ ഉഷ്ണക്കാറ്റ് അന്തരീക്ഷത്തിൽ പൊടിനിറയ്ക്കും. തുറസ്സായ സ്ഥലങ്ങളിലും ഹൈവേകളിലും ദൃശ്യപരിധി കുറയാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. ഹജ്ജ് അനുഷ്ഠാന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ 24 മണിക്കൂറും കാലാവസ്ഥ നിരീക്ഷിക്കും. മൊബൈൽ റഡാറുകളും സ്റ്റേഷനുകളും വഴി അന്തരീക്ഷ പാളികൾ നിരീക്ഷിച്ചു കാലാവസ്ഥാ മുന്നറിയിപ്പു നൽകും. തീർത്ഥാടകർ സഞ്ചരിക്കുന്ന പാതകളിൽ ചൂട് കുറയ്ക്കാനുള്ള വസ്തുക്കൾ ഉപയോഗിച്ച് നവീകരിച്ചതോടെ ഉപരിതല താപനില 12 ഡിഗ്രി സെൽഷ്യസ് വരെ കുറയും. വെള്ളം സ്പ്രേ ചെയ്യുന്ന നൂറുകണക്കിനു ഫാനുകളും ഇടതടവില്ലാതെ പ്രവർത്തിക്കും.