കടപ്പൂര് :
വായന വെറും പാരായണമായി മാറാതെ അത് സർഗ്ഗാത്മകമാകുമ്പോഴാണ് ജ്ഞാന സമൂഹം സൃഷ്ടിക്കപ്പെടുന്നതെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ ചന്ദ്രബാബു അഭിപ്രായപ്പെട്ടു. വായനപക്ഷാചരണത്തിന്റെ ഭാഗമായി കടപ്പൂര് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ഐ. വി ദാസ് അനുസ്മരണ സമ്മേളനം
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുസ്തക വയനയിലൂടെ ലഭ്യമാകുന്ന അറിവ് സാമൂഹ്യമാറ്റത്തിനായുള്ള ചാലകശക്തിയായി മാറേണ്ടതുണ്ട്. സാമൂഹ്യമായി ഇടപെടാൻ കഴിയുന്ന ജ്ഞാന സമൂഹമായി വായനയുടെ ലോകം വളരുന്നിടത്താണ് വായനശാലകൾ അതിന്റെ അർത്ഥവ്യാപ്തിയെ കൈവരിക്കുന്നത്. പി.എൻ പണിക്കരും
കെ.ദമോദരനും തായാട്ടു ശങ്കരനുമല്ലാം അടയാളപ്പെടുന്നതവിടെയാണ്. കേരളം മുഴുവൻ ചുറ്റിസഞ്ചരിച്ച് ഗ്രന്ഥശാലകൾ രൂപീകരിക്കുകയും വായന സമൂഹത്തെ സൃഷ്ടിക്കുന്നതിനും ജീവിതം മാറ്റിവെച്ച ഐ. വി ദാസിന്റെ പ്രസക്തി ഈ കാലഘട്ടത്തിലും വലിയ സന്ദേശമാണ് നൽകുന്നതെന്ന് കൂട്ടി ചേർത്തു.
വായനപക്ഷാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തിയ ലഹരി വിരുദ്ധ ലേഖനമത്സരത്തിൽ വിജയികളാവർക്ക് സമ്മാനം വിതരണം ചെയ്തു.
മരിയ ജയിംസ്,
എലിസബത്ത് ജയിംസ്,
ആഷർ ജോസഫ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
കടപ്പൂര് പബ്ലിക് ലൈബ്രറി പ്രസിഡന്റ് വി. കെ സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ്,
ലൈബ്രറി സെക്രട്ടറി പി.ഡി ജോർജ് ,
സി. എസ് ബൈജു, കെ. ജെ വിനോദ്, ശശി കടപ്പൂര് എന്നിവർ സംസാരിച്ചു.