ചേലക്കര : ക്ഷീരകർഷകർക്ക് ഓണമാഘോഷിക്കാൻ കേരള സർക്കാർ പ്രഖ്യാപിച്ച ഓണമധുരം പദ്ധതി കർഷകരിലേക്ക് എത്തിയില്ല. ക്ഷീരകർഷക ക്ഷേമനിധിയിൽ നിന്നും ₹300 ആണ് സർക്കാർ ക്ഷീരകർഷകർക്കായ് പ്രഖ്യാപിച്ചത്.
സെപ്റ്റംബർ ഒൻപതാം തിയ്യതി ക്ഷീരവികസന- മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി തിരുവനന്തപുരത്ത് ഔപചാരിക ഉദ്ഘാടനം നിർവഹിച്ച പദ്ധതി മാസങ്ങൾ പിന്നിട്ടിട്ടും ക്ഷീരകർഷകർക്ക് ലഭ്യമാകാത്ത സാഹചര്യത്തിൽ ആണ് കർഷകർ പരാതിയുമായ് രംഗത്ത് വന്നതെന്ന് തിരുവില്വാമല പട്ടിപ്പറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിലെ വനിത കർഷക ആയ സീതാലക്ഷ്മി പറഞ്ഞു. ക്ഷീരസംഘം അധികൃതരോട് പദ്ധതി തുക ലഭ്യമാകുവാൻ എന്ത് ചെയ്യണമെന്ന ചോദ്യത്തിന് തങ്ങൾക്ക് അറിയില്ലെന്ന മറുപടി ആണ് ലഭിച്ചതെന്നും സീതാലക്ഷ്മി പറഞ്ഞു. പലരും ക്ഷീര വ്യവസായം ഉപേക്ഷിക്കുന്നതും ഇത്തരത്തിൽ സർക്കാർ കർഷകരെ വഞ്ചിക്കുന്നതിനാൽ ആണെന്നും സീതാലക്ഷ്മി വ്യക്തമാക്കി.