റിയാദ്: സൗദി അറേബ്യയും അമേരിക്കയുമായുള്ള നിക്ഷേപവും വ്യാപാരവും വികസിപ്പിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിക്കാനായി സൗദി കിരീടാവകാശി നടത്തിയ ഫോൺ കോളിനിടെയാണ് നിക്ഷേപവും വ്യാപാരവും സംബന്ധിച്ച പ്രതീക്ഷകളും പങ്കുവെച്ചത്. നാലുവർഷം കൊണ്ട് അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള നിക്ഷേപ, വ്യാപാരം 600 ബില്ല്യൺ ഡോളറായി വികസിപ്പിക്കുമെന്നും കിരീടാവകാശി അറിയിച്ചു. വാഷിങ്ടണിന്റെ സുപ്രധാന ഊർജ, സുരക്ഷാ പങ്കാളിയാണ് സൗദി അറേബ്യ.
2017ൽ അമേരിക്കയിൽ ഭരണത്തിലെത്തിയ ശേഷം ട്രംപ് നടത്തിയ ആദ്യ വിദേശ പര്യടനം സൗദി തലസ്ഥാന നഗരമായ റിയാദിലേക്കായിരുന്നു. പിന്നീട് 2019ലുണ്ടായ ആക്രമണത്തിൽ ഇറാനെതിരെ ശക്തമായ പ്രതികരണം നടത്താത്തതിന്റെ പേരിൽ സൗദിയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലും വിള്ളൽ വീണും. പിന്നീട് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയ ശേഷവും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയായ ട്രംപ് ഓർഗനൈസേഷനിലൂടെ വിവിധ നിക്ഷേപ നിർമാണ സഹകരണ ഇടപാടുകൾ സൗദിയുമായി ഉണ്ടായി. ട്രംപിന്റ മരുമകനായ ജാരെഡ് കുഷ്നറുമായുള്ള പങ്കാളിത്തത്തിലൂടെയും നിക്ഷേപ കരാറുകളിൽ സൗദി ഏർപ്പെട്ടിരുന്നു.