മരങ്ങാട്ടുപിള്ളി: സ്നേഹധാരാ ഓട്ടോ ബ്രദേഴ്സ് സൊസൈറ്റിയ്ക്ക് കടുത്തുരുത്തി പ്രതിഭാ സംഗമത്തിൽ എം എൽ എ എക്സലൻസ് അവാർഡ് ലഭിച്ചു. സാമൂഹ്യ സേവന ജീവകാരുണ്യ,കലാസാംസ്ക്കാരിക പ്രവർത്തനങ്ങളാൽ മാതൃക ആയവരാണ് മരങ്ങാട്ടുപിള്ളിയിലെ ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മയായ സ്നേഹധാര ഓട്ടോ ബ്രദേഴ്സ് സൊസൈറ്റി. 2017 – ൽ രൂപികരിച്ച ഈ സൊസൈറ്റിയിൽ ഇപ്പോൾ 31 അംഗങ്ങൾ ഒരേ മനസോടെ പ്രവർത്തിയ്ക്കുന്നു. തങ്ങളുടെ വരുമാനത്തിന്റെ ഒരംശം മിച്ചംവച്ച് ചികിത്സാ സഹായം, പഠന സഹായം, മരങ്ങാട്ടുപിള്ളി ഹെൽത്ത് സെന്ററിൽ കിടപ്പു രോഗികൾക്ക് പ്രഭാത ഭക്ഷണം, കലാ, സാമൂഹിക സാംസ്ക്കാരിക മേഖലയിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക, പരിസര ശുചികരണമുൾപ്പെടെ പരിസ്ഥിതി പ്രവർത്തനങ്ങൾ തുടങ്ങിയ ജനോപകാര പ്രവർത്തനങ്ങൾക്ക് വലിയ അംഗീകാരമായി എം എൽ എ എക്സലൻസ് അവാർഡ് ലഭിച്ച സന്തോഷത്തിലാണ് സ്നേഹധാര ഓട്ടോ ബ്രദേഴ്സ്. കടുത്തുരുത്തിയിൽ നടന്ന പ്രതിഭാ സംഗമ വേദിയിൽ വച്ച് അഡ്വ. മോൻസ് ജോസഫ് എം എൽ എ യിൽ നിന്നും അംഗീകാരം ഏറ്റുവാങ്ങി. അവാർഡുകളിൽ അഹങ്കരിക്കാതെ കൂടുതൽ കരുത്തോടെ ജീവകാര്യണ്യ, സേവന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമന്ന് ഭാരവാഹികളായ ജോയി തോമസ്, അനീഷ് പി.ബി എന്നിവർ പറഞ്ഞു.