Monday, July 7, 2025
No menu items!
Homeവാർത്തകൾസ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്താന്‍ വനിതാ കമ്മീഷന്‍ പ്രതിജ്ഞാബദ്ധം: അഡ്വ: പി. സതീദേവി

സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്താന്‍ വനിതാ കമ്മീഷന്‍ പ്രതിജ്ഞാബദ്ധം: അഡ്വ: പി. സതീദേവി

തിരുവനന്തപുരം: സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്താന്‍ വനിതാ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമെന്ന് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച ഹരിത കര്‍മ്മസേനയിലെ സ്ത്രീ തൊഴിലാളികള്‍ക്കായുള്ള പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. ഈ ആവശ്യം മുന്നില്‍ വച്ചാണ് ക്യാമ്പുകളും പബ്ലിക് ഹിയറിങ്ങുകളും വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്നത്. സാമൂഹ്യ ക്ഷേമ രംഗത്തും മാലിന്യമുക്ത കേരളം യാഥാര്‍ത്ഥ്യമാക്കുന്നതിലും ബഹുഭൂരിപക്ഷവും സ്ത്രീകളാണ് ജോലി ചെയ്യുന്നത്. ഇത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. അതേസമയം ഈ സ്ത്രീകള്‍ക്ക് ലഭിക്കുന്ന സാമൂഹ്യ പദ്ധതി എന്താണെന്ന് നോക്കണം. അത് ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ഒരു പക്ഷിക്ക് പറക്കാന്‍ അതിന്റെ രണ്ട് ചിറകുകളും ഒരുപോലെ പ്രവര്‍ത്തിക്കണം. അതുപോലെ ഒരു പരിഷ്‌കൃത സമൂഹം രൂപപ്പെടുത്താന്‍ സ്ത്രീകളെല്ലാം ഒരു ചിറകായി മാറണമെന്നും എല്ലാ മേഖലകളിലുമുള്ള സ്ത്രീകളെ സക്രിയരാക്കി മാറ്റുകയാണ് വനിതാ കമ്മീഷന്‍ ലക്ഷ്യമിടുന്നതെന്നും അഡ്വ: പി. സതീദേവി പറഞ്ഞു.

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പ്രതിമാസം 15,000-രൂപയെങ്കിലും വേതനം നല്‍കണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഹരിത കേരളം മിഷന്‍ ഉപാധ്യക്ഷ ഡോ: ടി.എന്‍. സീമ പറഞ്ഞു. തൈക്കാട് ഗവ.ഗസ്റ്റ് ഹൗസില്‍ നടന്ന പബ്ലിക് ഹിയറിങ്ങില്‍ വനിത കമ്മീഷന്‍ അംഗം അഡ്വ: ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷയായി. തിരുവനന്തപുരം ക്ലീന്‍ സിറ്റി മാനേജര്‍ എസ്. ബിജു, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എസ്. സുചിത്ര, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ചിഞ്ചു ഷാജി, വനിതാ കമ്മീഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് വനിത കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments