തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. കലോത്സവത്തിന് ബസുകള്‍ വിട്ടുനല്‍കിയ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കലോത്സവത്തിനായി എത്തിയ ആയിരത്തോളം മത്സരാര്‍ഥികള്‍ക്കു നഗരത്തിലെ 27 സ്‌കൂളുകളിലായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കു 16 സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്കു 11 സ്‌കൂളുകളിലുമാണ് താമസം സജ്ജമാക്കിയിട്ടുള്ളത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവം വന്‍ജനപങ്കാളിത്തത്തോടെ മുന്നേറുകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കലോത്സവത്തില്‍ വിധി നിര്‍ണയത്തിലടക്കം തെറ്റായ രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കും. വിധികര്‍ത്താക്കളെ വളരെ സൂക്ഷ്മതയോടെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. മുന്‍കാല കലോത്സവങ്ങളുടെ അനുഭവത്തില്‍ ചില കലാധ്യാപകരെ നിരീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്റലിജന്‍സിന്റേയും വിജിലന്‍സിന്റെയും കൃത്യമായ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ 10 ലക്ഷത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന മേളയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം. ആറുമാസത്തോളം നീളുന്ന പരിശീലനങ്ങളും തയാറെടുപ്പുകളുമാണ് ഓരോ മത്സരത്തിന്റെയും പിന്നിലുള്ളത്.



