തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ സ്വകാര്യ ഏജന്‍സികളുടേതുള്‍പ്പെടെ ആരുടെയും ക്ലാസുകള്‍ നല്‍കാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. കുട്ടികളുടെ വിവരം ശേഖരിക്കാന്‍ സ്വകാര്യ ഏജന്‍സികളെ ഒരുകാരണവശാലും അനുവദിക്കരുതെന്നും ഉത്തരവിലുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന വിവിധ നടപടികളുടെ ഭാഗമായാണിത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍, സംസ്‌ഥാനത്തെ പല സ്‌കൂളുകളിലും വിവിധ ഏജന്‍സികളും സ്വകാര്യ സ്‌ഥാപനങ്ങളും പരിശീലനങ്ങളും ക്ലാസുകളും നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതിലൂടെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതായും വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം പരിപാടികളുടെ ഭാഗമായി വിദ്യാര്‍ഥികളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ശേഖരിക്കുന്നു. തുടര്‍ന്ന് അംഗീകാരമില്ലാത്ത കോഴ്‌സുകളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ അറിയിച്ചു. സ്‌കൂളുകളില്‍ സ്വകാര്യ സ്‌ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ നേതൃത്വത്തിലുള്ള ഒരു ക്ലാസും അനുവദിക്കാന്‍ പാടില്ല. പൊതുവിദ്യാഭ്യാസ ഡയറക്‌ടറോ സര്‍ക്കാരോ നിര്‍ദേശിക്കാത്ത ഒരു പരിപാടിയും പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെയോ സര്‍ക്കാരിന്റയോ മുന്‍കൂര്‍ അനുമതിയില്ലാതെ സ്‌കൂളുകളില്‍ നടത്താന്‍ അനുവദിക്കരുത്. ഒരു കാരണവശാലും കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് സൗകര്യം ചെയ്യാന്‍ പാടില്ലെന്നും ഡി.ജി.ഇ. അറിയിച്ചു. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.