ജറുസലേം: സൈനിക നടപടിയിലൂടെ പിടിച്ചെടുത്ത സിറിയന്‍ മേഖലയിലേക്ക് ടൂര്‍ സംഘടിപ്പിച്ച് ഇസ്രയേല്‍. പലസ്തീനിലെ സൈനിക നീക്കത്തിന് സമാന്തരമായിട്ടായിരുന്നു സിറിയന്‍ മേഖലയിലെ ഗോലാന്‍ കുന്നുകളില്‍ ഇസ്രയേല്‍ സൈനിക നീക്കം നടത്തി പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കിയത്. ഈ സ്ഥലങ്ങളിലേക്കാണ് പെസഹാ അവധിക്കാലത്ത് സാധാരണക്കാര്‍ക്കായി ഹൈക്കിംഗ് ടൂറുകള്‍ ആണ് ഇസ്രയേല്‍ സംഘടിപ്പിക്കുന്നത്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദ ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദിവസം രണ്ട് ട്രിപ്പുകളിലായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ടൂര്‍ പദ്ധതിക്ക് ഞായറാഴ്ച തുടക്കമാകും. ഇസ്രയേല്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിനോദയാത്രയുടെ ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്റാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിറിയന്‍ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് രണ്ടര കിലോമീറ്റര്‍ സഞ്ചരിക്കുന്ന ടൂര്‍ പാക്കേജില്‍ ബുള്ളറ്റ് പ്രൂഫ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ബസുകള്‍ക്ക് സൈനിക അകമ്പടിയും നല്‍കും.
ദമാസ്‌കസിന് എതിര്‍വശത്തുള്ള ഹെര്‍മോണ്‍ പര്‍വതത്തിന്റെ സിറിയന്‍ ഭാഗം ലെബനനിലെ ഷെബ ഫാമുകള്‍ തുടങ്ങി അബ്രഹാമുമായി ദൈവം ഉടമ്പടി ചെയ്ത സ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രദേശങ്ങളിലൂടെയാണ് യാത്ര. ജോര്‍ദാന്‍ അതിര്‍ത്തിയിലുള്ള യര്‍മൂക്കിലേക്ക് ഒഴുകുന്ന റുഖാദ് നദിയില്‍ സ്‌നാനത്തിനുള്ള അവസരം, ഹൈഫ, നബ്ലസ് തുടങ്ങിയ പ്രദേശങ്ങളെ മക്ക – മദീന തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധിപ്പിച്ചിരുന്ന ഉപേക്ഷിക്കപ്പെട്ട ഓട്ടോമന്‍ ഹെജാസ് റെയില്‍വേയുടെ ഭാഗങ്ങളും യാത്രക്കാര്‍ക്ക് കാണാനും കഴിയും. പതിറ്റാണ്ടുകളായി ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ കനത്ത സംഘര്‍ഷം തുടരുന്ന മേഖലയില്‍ കൂടിയാണ് യാത്ര എന്നതും ശ്രദ്ധേയമാണ്. ഇസ്രായേല്‍-ഹിസ്ബുള്ള സംഘര്‍ഷത്തിന് പിന്നാലെ ‘വടക്കോട്ട് മടങ്ങല്‍’ എന്ന വിശാലമായ ഇസ്രയേല്‍ നീക്കത്തിന്റെ അടുത്ത ഘട്ടമായാണ് ടൂര്‍ പദ്ധതിയെ വിലയിരുത്തുന്നത്. സിറിയന്‍ ഏകാധിപതി ബാഷര്‍ അല്‍ അസദിന്റെ പതനത്തിനു പിന്നാലെ അധിനിവിഷ്ട ഗോലാന്‍ കുന്നുകളില്‍ ജൂതകൂടിയേറ്റം ഇസ്രയേല്‍ വേഗത്തിലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 1967 ലെ ആറുദിന യുദ്ധത്തിലാണ് ഗോലാന്‍ കുന്നുകളുടെ ഭൂരിഭാഗവും ഇസ്രായേല്‍ സിറിയയില്‍നിന്ന് പിടിച്ചെടുത്തത്. അന്ന് മുതല്‍ ഇസ്രായേല്‍ കൈവശം വെക്കുന്ന ഗോലാന്‍ കുന്നുകളിലാണ് സെറ്റില്‍മെന്റുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് ഇസ്രയേല്‍ സാന്നിധ്യം ഉറപ്പിക്കുന്നത്.