തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തില്‍ നടപടിയുമായി പോലീസ്. ആശമാരുടെ മഹാസംഗമത്തില്‍ പങ്കെടുത്ത പതിനാല് പേര്‍ക്ക് പോലീസ് നോട്ടീസ് അയച്ചു. ഉദ്ഘാടകന്‍ ജോസഫ് സി മാത്യു, കെ ജി താര എന്നിവരോട് 48 മണിക്കൂറിനകം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഓണറേറിയം വര്‍ധനവ്, മുടങ്ങിക്കിടക്കുന്ന തുച്ഛമായ ഓണറേറിയവും ഇന്‍സെന്റീവും നല്‍കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സമരം ചെയ്യുന്നത്.
സമരം 17 ആം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. സമരം ചെയ്യുന്ന ആശ വര്‍ക്കേഴ്‌സിന് നാനാതുറകളില്‍ നിന്ന് പിന്തുണ ഏറുകയാണ്. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സെക്രട്ടറിയേറ്റിലെ സമരപ്പന്തലില്‍ എത്തി. അതേസമയം ആശാവര്‍ക്കര്‍മാര്‍ ഉടന്‍ ജോലിക്ക് പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസിന് മുന്നിലും കത്തിച്ച് പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജുവാണ് ഇക്കാര്യം അറിയിച്ചത്. നാളെ രാവിലെ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും എല്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലും ഈ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിക്കും. പ്രതിഷേധത്തില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കും.