ചെന്നൈ: ഒട്ടനവധി സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായ നിരവധി നടി-നടന്മാർ വിവിധ സിനിമാ മേഖലകളിൽ ഉണ്ട്. ചിലർ ചെയ്യുന്ന കാര്യങ്ങൾ പുറത്തുപോലും അറിയാറില്ല. പാവപ്പെട്ടവരെ സഹായിക്കുക, നിർദ്ധനരായ കുട്ടികളെ പഠിപ്പിക്കുക, സാധുക്കൾക്ക് എന്നും ഭക്ഷണം നൽകുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അവർ ചെയ്യുന്നുണ്ട്. അത്തരത്തിൽ കാലങ്ങളായി സന്നദ്ധ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന തമിഴ് താരങ്ങളിൽ ഒരാളാണ് സൂര്യ.
വർഷങ്ങളായി സൂര്യയുടെ സഹായത്തിൽ മുന്നോട്ട് പോകുന്ന ഒട്ടനവധി പേരുണ്ട്. ഇപ്പോഴിതാ സൂര്യയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അഗരം ഫൗണ്ടേഷന്റെ കീഴിൽ മികച്ച വിദ്യാഭ്യാസം ലഭിച്ച ഡോക്ടർമാരും എഞ്ചിനീയർമാരും പൊതുവേദിയിൽ എത്തിയിരിക്കുകയാണ്. അഗരം ഫൗണ്ടേഷന്റെ 15-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇവരെല്ലാം ഒരുവേദിയിൽ ഒത്തു കൂടിയത്. കമൽഹാസൻ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
തങ്ങളുടെ കഷ്ടതകളിൽ തുണയായി നിന്ന് വിദ്യാഭ്യാസത്തിനുള്ള സഹായം നൽകി, ഇന്നവർക്ക് മികച്ചൊരു ജീവിതം നൽകിയ സൂര്യയെ പ്രശംസിച്ച് ഓരോരുത്തരും സംസാരിച്ചപ്പോൾ നടന്റെ കണ്ണും മനസും നിറഞ്ഞു. ഓരോരുത്തരും തങ്ങളുടെ അനുഭവം പറയുമ്പോൾ കരഞ്ഞും, സക്സസിൽ നിറഞ്ഞ കയ്യടിയും നൽകി വരവേറ്റ സൂര്യയുടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ‘തോൾകൊടുത്ത് തൂക്കിവിട്ട അണ്ണൻ’, എന്നാണ് സൂര്യയെ പലരും വിശേഷിപ്പിച്ചത്.
അംഗരത്തിന്റെ കീഴിൽ പഠിച്ച് ഇതിനകം 51 ഡോക്ടർന്മാരാണ് രാജ്യത്തിന് ലഭിച്ചിരിക്കുന്നത്. ഒപ്പം 1800ഓളം എഞ്ചിനീയർമാരെ വാർത്തെടുക്കാനും സൂര്യയ്ക്ക് സാധിച്ചു. അഗരത്തിൽ 60 ശതമാനത്തോളം പേരും പെൺകുട്ടികളാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. അതേസമയം, എഞ്ചീനിയറായ ഒരു യുവതിയുടെ മകൾക്ക് വേദിയിൽ വച്ച് സൂര്യ ആദ്യാക്ഷരം കുറിച്ച് കൊടുക്കുകയും ചെയ്തിരുന്നു