ചെറുതോണി: മൊബൈല്‍ ഇ – സേവാ കേന്ദ്രം സുപ്രീം കോടതിയുടെ ഇ-കമ്മിറ്റി സ്പോണ്സർ ചെയ്ത പദ്ധതിയാണ്. സാധരണ ജനങ്ങള്‍ക്ക് കോടതി ചുറ്റുപാടുകളില്‍ നേരിടുന്ന സമയനഷ്ടവും ചെലവും കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. യൂണിറ്റ് ഒരു മൊബൈല്‍ ഓഫീസായി പ്രവർത്തിക്കും.
കോടതി സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാൻ സജ്ജീകരിച്ച വാഹനമാണ് ഇത്. ഇടുക്കി ജില്ലയില്‍ ആദ്യമായാണ് സേവനം ലഭ്യമായത്. കട്ടപ്പന നഗരസഭാ ഗ്രൗണ്ടില്‍ എത്തിയ വാഹനം കാണുവാൻ നിരവധി പേരാണ് എത്തിയത്. ആദ്യ ഘട്ടമായി പെറ്റിക്കേസുകളാണ് പരിഗണിച്ചത്.
വാഹനത്തില്‍ ഡ്രൈവറും ഒരു ടെക്നിക്കല്‍ സ്റ്റാഫുമാണുള്ളത്. അതതു കോടതിയില്‍നിന്നുള്ള ജഡ്ജിമാരാണ് പരാതികള്‍ പരിഗണിക്കുന്നത്. ഇതിനുള്ളില്‍ കംപ്യൂട്ടറുകള്‍, സ്കാനറുകള്‍, പ്രിന്ററുകള്‍, ഇന്റർനെറ്റ് കണക്റ്റിവിറ്റി, എസി, സിസിടിവി തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
കോർട്ട് പ്രക്രിയകള്‍, ഹിയറിംഗുകള്‍, ഡോക്യൂമെന്റ് ഫയലിംഗുകള്‍ എന്നിവയ്ക്കുള്ള നിർദേശങ്ങളും പിന്തുണയും ഇ- സേവ കേന്ദ്രം നല്‍കും. നഗര, ഗ്രാമ മേഖലകളില്‍ ആളുകള്‍ക്ക് ഏളുപ്പത്തില്‍ അനുസൃതമായ സമയങ്ങളില്‍ സേവനം ലഭ്യമാക്കുക എന്നതാണ് മൊബൈല്‍ ഇ- സേവാ കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്.



