മുംബൈ : മുതിർന്ന പിന്നണി ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. മുബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ഗായികമാരിൽ ഒരാളായ ആശ ഭോസ്ലെ വിവിധ ഭാഷകളിലായി 12,000 ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. ഒ.പി. നയ്യാർ, ഖയ്യാം, ശങ്കർ-ജയ്കിഷൻ, ആർ.ഡി. ബർമൻ തുടങ്ങി വിവിധ തലമുറകളിലെ സംഗീത സംവിധായകർക്കൊപ്പവും എ.ആർ റഹ്മാൻ, ഇളയരാജ തുടങ്ങി നിരവധി തെന്നിന്ത്യൻ സംഗീത സംവിധകയകർക്കാപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അന്തരിച്ച പിന്നണി ഗായിക ലതാ മങ്കേഷ്കറിന്റെ സഹോദരിയാണ് ആശ ഭോസ്ലെ. എട്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ പത്മവിഭൂഷൺ അവാർഡ് ജേതാവ് കൂടിയായ ആശ ഭോസ്ലെ വിവിധ ഭാഷകളിലെ സിനിമകൾക്കും ആൽബങ്ങൾക്കുമായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കൂടാതെ 1981,86 വർഷങ്ങളിലായി രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരം, 18 മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, രണ്ട് ഗ്രാമി നോമിനേഷനുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ദശാബ്ദങ്ങളായി സംഗീതലോകത്ത് നിറസാന്നിധ്യമറിയിച്ച ആശാ ഭോസ്ലെ വൈവിധ്യങ്ങളിലൂടെയാണ് തന്റെ കരിയർ കൊണ്ടുപോയിരുന്നത്. ആവോ ഹുസൂർ തുംകോ',ചുര ലിയാ ഹേ തുംനേ ജോ ദിൽ കോ’ തുടങ്ങിയ നിരവധി ഗാനങ്ങൾ ഇന്നും സംഗീതപ്രേമികൾക്ക് പരിചിതമാണ്. പിയാ തൂ അബ് തോ ആജാ',യേ മേരാ ദിൽ’ തുടങ്ങി ഹിറ്റ് ഗാനങ്ങളിലൂടെ ഹിന്ദി സിനിമാസംഗീതത്തിൽ പുതിയി തരംഗം സൃഷ്ടിച്ചു. 90കളുടെയും 2000 ത്തിന്റെയും തുടക്കത്തിൽ എ.ആർ റഹ്മാന്റെ സംഗീതസംവിധാനത്തിലിറങ്ങിയ `തന്‍ഹ തന്‍ഹ’, ‘രംഗീല റേ’, തുടങ്ങി ഐകോണിക് ഗാനങ്ങളും സംഗീതലോകത്തിന് കിട്ടിയ സമഗ്രസംഭാവനയായിരുന്നു. പുതുതലമുറകളെ നിരവധി ഗാനങ്ങളും ആശാ ഭോസ്ലെ സമ്മാനിച്ചു. ഓരോ കാലഘട്ടത്തിലെയും സംഗീതമാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നതാണ് അവരുടെ കരിയറിന്റെ ഏറ്റവും വലിയ പ്രത്യേകത.



