പാലാ: ആഗസ്റ്റ് 22 ന് വൈകുന്നേരം അഞ്ചിന് ആരംഭിച്ച് 25ന് ഉച്ചകഴിഞ്ഞ് ഒന്നിന് സമാപിയ്ക്കുന്ന സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയ്ക്ക് പാലാ രൂപത ആഥിതേയത്വം വഹിയ്ക്കും. പാലാ അൽഫോൻസിയൻപാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെൻ്റ് തോമസ് കോളേജ് കാമ്പസും പ്രധാന വേദികളായി ഒരുക്കങ്ങൾ പൂർത്തിയായതായി അസംബ്ലി കമ്മറ്റി കൺവീനർ മാർ പോളി കണ്ണൂക്കാടനും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും അറിയിച്ചു. 50 ബിഷപ്പുമാരും 34 മുഖ്യ വികാരി ജനറാൾമാരും 74 വൈദിക പ്രതിനിധികളും 146 അല്മായരും 37 സമർപ്പിത സഹോദരിമാരുമടക്കം 348 അംഗങ്ങൾ അസംബ്ലിയിൽ പങ്കെടുക്കും.
അപ്പസ്തോലിക് നൂൺഷ്യോ ആർച്ച് ബിഷപ് ലെയോ പോൾദോ ജിറേല്ലി ഉദ്ഘാടനം ചെയ്യും. മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ അദ്ധ്യക്ഷത വഹിയ്ക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. അസംബ്ളിയിൽ വിവിധ വിഷയങ്ങളിൽ പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിയ്ക്കും.
25 ന് രാവിലെ ഒമ്പതിന് സമാപന സമ്മേളനത്തിൽ സീറോ മലങ്കര സഭാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കത്തോലിക്ക ബാവ മുഖ്യാതിഥിയായി പങ്കെടുക്കും. മലങ്കര ഓർത്തഡോക്സ് സിറിയൻ സഭാ തലവൻ മാർത്തോമ്മാ മാത്യൂസ് ത്രിദീയൻ, സി ബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് കെ.ആർ എൽ സി ബി സി പ്രസിഡൻ്റ് ബിഷപ് ഡോ വർഗീസ് ചക്കാലയ്ക്കൽ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രഭാഷണം നടത്തും.