Sunday, August 3, 2025
No menu items!
HomeCareer / job vacancyസി.യു.ഇ.ടി-യുജി 2025 പരീക്ഷകള്‍ക്ക് അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

സി.യു.ഇ.ടി-യുജി 2025 പരീക്ഷകള്‍ക്ക് അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

കേന്ദ്ര സർവകലാശാലകളിലും മറ്റും 2025 -26 അധ്യയനവർഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ്‍ ടെസ്റ്റി (സി.യു.ഇ.ടി-യുജി 2025)നുള്ള അപേക്ഷാ സമർപ്പണം തുടങ്ങിയിരിക്കുകയാണല്ലോ. ഓൺലൈനായി മാർച്ച് 22 രാത്രി 11.50 മണിവരെ അപേക്ഷിക്കാം. പരീക്ഷ മേയ് എട്ടിനും ജൂൺ ഒന്നിനും മധ്യേ നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തും. വിജ്ഞാപനവും വിവരണപത്രികയും https:cuet.nta.nic.in ലുണ്ട്. അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിന് മാർച്ച് 24-26 വരെ സൗകര്യം ലഭിക്കും. കഴിഞ്ഞവർഷം 13.4 ലക്ഷം വിദ്യാർഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്.

13 ഭാഷകൾ, 23 ഡൊമെയിൻ പ്രത്യേക വിഷയങ്ങൾ, ഒരു പൊതു അഭിരുചി പരീക്ഷ അടക്കം 37 വിഷയങ്ങളിലാണ് പരീക്ഷ. ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ഭാഷ, പൊതു അഭിരുചി പരീക്ഷ ഉൾപ്പെടെ പരമാവധി അഞ്ചു വിഷയങ്ങൾ (ടെസ്റ്റ് പേപ്പർ) തെരഞ്ഞെടുക്കാം. (വിഷയങ്ങളുടെ പട്ടിക വിവരണ പത്രികയിലുണ്ട്). സി.യു.ഇ.ടി പരീക്ഷക്കുള്ള വിഷയങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഉപരിപഠനമാഗ്രഹിക്കുന്ന സർവകലാശാലകൾക്കും കോഴ്സുകൾക്കും അനുയോജ്യമാണെന്ന് ഉറപ്പുവരുത്തണം.

അലീഗഢ് മുസ്‍ലിം, ബനാറസ് ഹിന്ദു, ജെ.എൻ.യു, ജാമിയ മില്ലിയ ഇസ്‍ലാമിയ, പോണ്ടിച്ചേരി, ഡൽഹി, ഹൈദ്രാബാദ്, ഇ.എഫ്.എൽ അടക്കം 46 കേന്ദ്ര സർവകലാശാലകളിൽ സി.യു.ഇ.ടി സ്കോർ അടിസ്ഥാനത്തിൽ പ്രവേശനം തേടാം. കോഴ്സുകളും യോഗ്യതാ മാനദണ്ഡങ്ങളും അതാത് സർവകലാശാലകളുടെ വെബ്സൈറ്റിൽ ലഭിക്കും. കേന്ദ്ര സർവകലാശാലകൾക്ക് പുറമെ വിവിധ സംസ്ഥാനത്തിലെ മറ്റ് നിരവധി സർവകലാശാലകളും സ്വയം ഭരണസ്ഥാപനങ്ങളും കൽപിത സർവകലാശാലകളും സ്വകാര്യ സർവകലാശാലകളും സി.യു.ഇ.ടി യു.ജി സ്കോർ പരിഗണിച്ച് ബിരുദ കോഴ്സുകളിൽ പ്രവേ​ശനം നൽകാറുണ്ട്. ഈ സർവകലാശാലകളുടെ പട്ടികയും കോഴ്സ് വിവരങ്ങളും https://cuet.nta.nic.in എന്ന സൈറ്റിൽ ലഭിക്കും.

ഓരോ ടെസ്റ്റ് പേപ്പറിലും 50 ചോദ്യങ്ങൾ. എല്ലാ ചോദ്യങ്ങളും നിർബന്ധമായും അഭിമുഖീകരിക്കണം. ഓരോ പേപ്പറിനും 60 മിനിറ്റ് അനുവദിക്കും. ശരി ഉത്തരത്തിന് അഞ്ചുമാർക്ക് വീതം. ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് കുറക്കും. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി അടക്കം 13 ഇന്ത്യൻ ഭാഷകളിലാണ് ചോദ്യപേപ്പറുകൾ. ഏത് ഭാഷയിലെ ചോദ്യപേപ്പറാണ് ആവശ്യമെന്ന് ഓൺലൈൻ അപേക്ഷയിൽ വ്യക്തമാക്കണം. പരീക്ഷാ കേ​ന്ദ്രം, ഷിഫ്റ്റ്, സമയക്രമം പിന്നീട് അറിയിക്കും.

പരീക്ഷാ കേ​ന്ദ്രങ്ങൾ: കേരളത്തിൽ ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, വയനാട്, പയ്യന്നൂർ, ആലപ്പുഴ, ചെങ്ങന്നൂർ, എറണാകുളം, മൂവാറ്റുപുഴ നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. ഇന്ത്യക്കകത്തും പുറത്തുമായി 300 നഗരങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. ഇന്ത്യക്ക് പുറത്ത് ബഹ്റൈൻ, കുവൈത്ത്, മസ്കത്ത്, ദുബൈ, ഷാർജ, അബൂദബി, റിയാദ്, സിംഗപ്പൂർ, കാഠ്മണ്ഡു, വാഷിങ്ടൺ മുതലായ നഗരങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മുൻഗണനാ ക്രമത്തിൽ നാലു നഗരങ്ങൾ തെരഞ്ഞെടുക്കാം. പ്രായപരിധിയില്ല യോഗ്യത: സി.യു.ഇ.ടി (യുജി) 2025 അഭിമുഖീകരിക്കുന്നതിന് പ്രായപരിധിയില്ല. എന്നാൽ വിവിധ സർവകലാശാലകളിൽ പ്രവേശനത്തിന് പ്രായ പരിധിയുണ്ടാകാം. പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായവർക്കും 2025 ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ത്രിവത്സര അംഗീകൃത ഡി​േപ്ലാമ, വൊക്കേഷനൽ ഹയർസെക്കൻഡറി സർട്ടിഫിക്കറ്റ്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ് സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷാ സർട്ടിഫിക്കറ്റ്, ഇന്റർമീഡിയറ്റ് / ദ്വിവത്സര പ്രീ യൂനിവേഴ്സിറ്റി പരീക്ഷ പാസായ സർട്ടിഫിക്കറ്റ്, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റിസ് പ്ലസ് ടുവിന് തത്തുല്യമായി അംഗീകരിച്ച സർട്ടിഫിക്കറ്റ് മുതലായ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

അപേക്ഷാഫീസ്: പരമാവധി അഞ്ചു വിഷയങ്ങൾ ഒരാൾക്ക് പരീക്ഷക്കായി തെരഞ്ഞെടുക്കാം. മൂന്ന് വിഷയങ്ങൾവരെയുള്ള ഫീസും ഓരോ അധിക വിഷയത്തിനും നൽകേണ്ട ഫീസും ചുവടെ. ജനറൽ വിഭാഗം- 1000 രൂപ + ഓരോ അധിക വിഷയത്തിനും 400 രൂപ ഒ.ബി.സി നോൺക്രിമിലെയർ / ഇ.ഡബ്ല്യൂ.എസ്-900 രൂപ + 375 രൂപ എസ്.സി/എസ്.ടി/പിഡബ്ല്യൂ.ഡി/തേർഡ് ജൻഡർ -800 രൂപ + 350 രൂപ. ഇന്ത്യക്ക് പുറത്തുള്ള കേ​ന്ദ്രങ്ങളിലേക്ക് -4500 രൂപ + 1800 രൂപ. നെറ്റ് ബാങ്കിങ്/ക്രഡിറ്റ്/ഡബിറ്റ് കാർഡ്/യു.പി.ഐ മുഖേന മാർച്ച് 23 രാത്രി 11.50 മണിവരെ ഫീസ് അടക്കാം. ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനുള്ള മാർഗ നിർദേശങ്ങൾ വിവരണ പത്രികയിലുണ്ട്. വിവിധ ഘട്ടങ്ങളിലായി അപേക്ഷാ സമർപ്പണം പൂർത്തിയാക്കി കൺഫർമേഷൻ പേജിന്റെ പ്രിന്റൗട്ട് എടുത്ത് റഫറൻസിനായി സൂക്ഷിക്കണം. ബിരുദ പ്രവേശനം: സി.യു.ഇ.ടി (യു.ജി) 2025 സ്കോറിങ് 2025-26 അധ്യയനവർഷത്ത ബിരുദ പ്രവേശനത്തിന് മാത്രമേ പ്രാബല്യമുള്ളൂ. ഫലപ്രഖ്യാപനത്തിന്ശേഷം ബന്ധപ്പെട്ട കേന്ദ്ര സർവകലാശാലകൾ കൗൺസലിങ്/​പ്രവേശന ഷെഡ്യൂളുകൾ പ്രഖ്യാപിക്കും. കോഴ്സുകളും യോഗ്യതാ മാനദണ്ഡങ്ങളും പ്രവേശന നടപടികളും വാഴ്സിറ്റിയുടെ വെബ്സൈറ്റിലുണ്ടാവും. യഥാസമയം അപേക്ഷ നൽകുന്നവരുടെ സി.യു.ഇ.ടി സ്കോർ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കി പ്രവേശനം നൽകും. വൈവിധ്യമാർന്ന നിരവധി വിഷയങ്ങളിൽ പഠനാവസരം ലഭിക്കും. ● ● കേരളത്തിലെ കേ​ന്ദ്ര സർവകലാശാല കാസർകോടാണ്. ഇവിടെ സി.യു.ഇ.ടി യു.ജി സ്കോർ അടിസ്ഥാനത്തിൽ നാലുവർഷ​ത്തെ ബി.എ (ഇന്റർ നാഷണൽ റിലേഷൻസ്) പ്രോഗ്രാം പ്രവേശനത്തിന് യഥാസമയം അപേക്ഷിക്കാം. 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 45 ശതമാനം മാർക്ക് മതി. പ്രായപരിധി 19 വയസ്സ് (വെബ്സൈറ്റ് www.cukerala.ac.in)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments