യു.പി.എസ്.സി 2025 ജൂലൈ 20ന് ദേശീയതലത്തിൽ നടത്തുന്ന കമ്പയിൻഡ് മെഡിക്കൽ സർവിസസ് (സി.എം.എസ്) പരീക്ഷവഴി വിവിധ കേന്ദ്ര സർവിസുകളിൽ മെഡിക്കൽ ഓഫിസറാകാം.കേരളത്തിൽ തിരുവനന്തപുരം, കൊച്ചി പരീക്ഷ കേന്ദ്രങ്ങളാണ്. ഇന്ത്യയൊട്ടാകെ 41 നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടാവും. ‘ഫസ്റ്റ് അപ്ലൈ -ഫസ്റ്റ് അലോട്ട്’ അടിസ്ഥാനത്തിലാണ് പരീക്ഷ കേന്ദ്രം അനുവദിക്കുക. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://upsc.gov.in/-ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. https://upsconline.gov.in-ൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി മാർച്ച് 11നു വൈകീട്ട് ആറുവരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസ് 200 രൂപ. വനിതകൾ, പട്ടികവിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.യോഗ്യത: അംഗീകൃത എം.ബി.ബി.എസ് ബിരുദം. കമ്പൽസറി റൊട്ടേറ്റിങ് ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതാൻ പോകുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. നിശ്ചിത ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
പ്രായപരിധി: 2025 ആഗസ്റ്റ് ഒന്നിന് 32 വയസ്സ് കവിയരുത്. എന്നാൽ, കേന്ദ്ര ഹെൽത്ത് സർവിസസ് മെഡിക്കൽ ഓഫിസർ തസ്തികക്ക് 35 വയസ്സുവരെയാകാം. പട്ടികജാതി/വർഗ വിഭാഗത്തിന് അഞ്ചുവർഷം, ഒ.ബി.സി നോൺക്രീമിലെയർ വിഭാഗങ്ങളിൽപെടുന്നവർക്ക് മൂന്നുവർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം, വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. സെലക്ഷൻ: എഴുത്തുപരീക്ഷ (500 മാർക്കിന്) പേഴ്സനാലിറ്റി ടെസ്റ്റ് (100 മാർക്കിന്) എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയിൽ രണ്ട് പേപ്പർ ഉണ്ടാവും. പരീക്ഷ ഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്.
എഴൂത്തുപരീക്ഷയിൽ യോഗ്യത നേടുന്നവരെയാണ് പേഴ്സനാലിറ്റി ടെസ്റ്റിന് ക്ഷണിക്കുക. ഉയർന്ന റാങ്കടിസ്ഥാനത്തിൽ സംവരണ ചട്ടങ്ങൾ പാലിച്ചാണ് നിയമനം. ഒഴിവുകൾ: വിവിധ കേന്ദ്ര സർവിസുകളിലായി 705 ഒഴിവുകൾ നിലവിലുണ്ട്. കേന്ദ്ര ഹെൽത്ത് സർവിസിൽ മെഡിക്കൽ ഓഫിസർ 226 ഒഴിവുകൾ. റെയിൽവേയിൽ അസിസ്റ്റന്റ് ഡിവിഷനൽ മെഡിക്കൽ ഓഫിസർ 450 ഒഴിവുകൾ. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ. ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ -ഒമ്പത്, ഡൽഹി മുനിസിപ്പൽകോർപറേഷൻ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ -20. ശമ്പളം: 56,100-1,77,500 രൂപ നിരക്കിലാണ് നിയമനം. നോൺ പ്രാ്കടിസിങ് അലൻസ്, പെൻഷൻ ഗ്രാറ്റ്വിറ്റി അടക്കമുള്ള ആനുകൂല്യങ്ങളുമുണ്ട്.