പേരാമ്പ്ര : മികച്ച കർഷകനും സിവിൽ പോലീസ് ഓഫീസറുമായ ഒ.കെ.സുരേഷിന്റെ കൃഷിയിടത്തിലെ ചെണ്ടുമല്ലി കൃഷി ശ്രദ്ധേയമാവുകയാണ്. അരിക്കുളം നമ്പ്രത്ത് കര സുരേഷിന്റെ കൃഷിയിടത്തിലാണ് ചെണ്ടുമല്ലി കൃഷി ചെയ്യാൻ തുടങ്ങിയിരിക്കുന്നത്. ഓണത്തിന് പൂക്കളമിടാൻ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളിക്ക് വേറിട്ടൊരു അനുഭവമാണ് സുരേഷിന്റെ കൃഷിത്തോട്ടത്തിൽ പുതുതായി ആരംഭിച്ച ചെണ്ടു മല്ലി കൃഷി. ഓണം ആകുമ്പോഴേക്കും പൂക്കൾ പറിച്ചെടുക്കാൻ പാകത്തിലാണ് ഇവർ നട്ട് പരിപാലിച്ചു പോരുന്നത്.
25 സെൻറ് സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി നടത്തുന്നത് . പയ്യോളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആയ സുരേഷിന് മികച്ച കർഷകനുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.സ്റ്റേഷൻ ഡ്യൂട്ടിക്ക് ശേഷമാണ് തൻ്റെ കൃഷിഭൂമിയിൽ സുരേഷും കുടുംബവും കൃഷിപ്പണി ചെയ്യുന്നത് ഭാര്യ ശോഭനയും മക്കളും സുരേഷിനെ കൃഷി പണിയിൽ സഹായിക്കുന്നു. നേന്ത്ര , കദളി , റോബസ്റ്റ്, പൂവൻ, തുടങ്ങി വിവിധയിനം വാഴകൾ കൂടാതെ വെള്ളരി, മത്തൻ, ഇളവൻ തുടങ്ങി വിവിധ പച്ചക്കറികൾ ഉൾപ്പെടെ സുരേഷിന്റെ കൃഷിയിടത്തിൽ വിളയുന്നുണ്ട്. കൂടാതെ നെൽകൃഷിയും സുരേഷ് നടത്തിവരുന്നുണ്ട്. സ്വന്തമായുള്ളതും പാട്ടത്തിന് എടുത്തതുമായ 5 ഏക്കറിലാണ് നെല്ല് ഉൾപ്പെടെയുള്ള കൃഷികൾ.
സുരേഷിന്റെ മാതൃക കൃഷിത്തോട്ടത്തിൽ വിളയിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാരേറെയാണ്. അതുകൊണ്ടുതന്നെ കൃഷി ലാഭകരമാണെന്നാണ് ഈ യുവാവ് പറയുന്നത്. കൃഷിവകുപ്പിന്റെ സഹകരണവും ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. സിവിൽ പോലീസ് ഓഫീസറുടെ കൃഷിയെപറ്റി നിരവധി മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.
ചെണ്ടുമല്ലി കൃഷിയും ലാഭം തരുമെന്ന് പ്രതീക്ഷിക്കുകയാണ് സുരേഷുംകുടുംബവും.



