Tuesday, August 5, 2025
No menu items!
Homeവാർത്തകൾസിറിയ വിമതർ പിടിച്ചെടുത്തതോടെ സിറിയൻ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേൽ

സിറിയ വിമതർ പിടിച്ചെടുത്തതോടെ സിറിയൻ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേൽ

ദമാസ്ക്കസ്: ആഭ്യന്തര സംഘർഷം രൂക്ഷമായി സിറിയ വിമതർ പിടിച്ചെടുത്തതോടെ സിറിയൻ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേൽ. സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങൾ വിമതരുടെ കൈയിൽ എത്താതിരിക്കാനാണ് ഇസ്രയേൽ ബോംബിട്ട് തകർത്തത്. അതിനിടെ, സിറിയ വിട്ട പ്രസിഡന്റ് ബഷാർ അൽ അസദ് കുടുംബത്തോടൊപ്പം മോസ്‌കൊയിൽ എത്തി. അദ്ദേഹത്തിന് അഭയം നൽകുമെന്ന് റഷ്യ വ്യക്തമക്കിയിട്ടുണ്ട്. ഇത്രകാലവും അസദ് രാജ്യത്തെ ഇറാന്റെ താല്പര്യത്തിന് എറിഞ്ഞു കൊടുത്തെന്ന് വിമത നേതാവ് അബു മുഹമ്മദ് ജുലാനിയും കുറ്റപ്പെടുത്തി. 

അതേസമയം, ബഷാർ അൽ അസദ് സിറിയ വിട്ടെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ ഉറപ്പ് നല്‍കിയെന്ന് ക്രെംലിന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, എച്ച് ടി എസിനെയും സിറിയൻ ജനതയെയും  താലിബാൻ അഭിനന്ദിച്ചു.  പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സിറിയൻ തലസ്ഥാനമായ ദമാസ്‌കസും വിമത സായുധ സംഘം പിടിച്ചെടുത്തത്. അബു മുഹമ്മദ്‌ അൽ ജുലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയിൽ ഭരണത്തിലേറുന്നത്. അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരൻ ആയിരുന്നു ജുലാനി.  പ്രസിഡന്റും രാജ്യം വിട്ടോടിയതോടെ ജനം തെരുവിലിറങ്ങി.

പതിറ്റാണ്ടുകളായി തല ഉയർത്തി നിന്ന ബഷാർ അൽ അസദിന്റെ പ്രതിമകൾ ജനം തകർത്തെറിഞ്ഞു. സിറിയൻ സൈന്യവും സുരക്ഷാ സേനയും ദമാസ്കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചു പോയി. സുപ്രധാന ഭരണ കാര്യാലയങ്ങളിൽ നിന്ന് എല്ലാം സൈന്യം പിന്മാറി. പലയിടത്തും ജയിലുകൾ തകർത്ത വിമതർ തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചു.  74 ശതമാനം സുന്നി മുസ്ലിങ്ങളും 13 ശതമാനം ഷിയാക്കളും പത്ത് ശതമാനം ക്രൈസ്തവരും ഉള്ള ഒരു രാജ്യത്തിൻ്റെ ഭരണ നേതൃത്വം ഭീകര ബന്ധമുള്ള സായുധ സംഘത്തിന്റെ കൈകളിൽ എത്തുമ്പോൾ എന്താകും സിറിയയുടെ ഭാവി എന്ന ആശങ്ക ശക്തം. ലോകത്തെ വൻശക്തി രാജ്യങ്ങൾ ഒന്നും പ്രശ്‌നത്തിൽ ഉടൻ ഇടപെടാൻ തയാറല്ല. സ്ഥിതി നിരീക്ഷിക്കുന്നു എന്നാണ് അമേരിക്കയുടെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments