റിയാദ്: സിറിയക്കും ലബനാനുമിടയിൽ അതിർത്തി നിർണയിച്ചു. സൗദി മധ്യസ്ഥതയിൽ ജിദ്ദയിൽ നടന്ന യോഗത്തിൽ ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ അതിർത്തി നിർണയിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. വ്യാഴാഴ്ച വൈകീട്ട് നടന്ന ചർച്ചകളാണ് കരാർ ഒപ്പുവെക്കലിൽ കലാശിച്ചത്. ലബനാൻ പ്രതിരോധ മന്ത്രി മിശാൽ മാൻസിയും സിറിയൻ പ്രതിരോധ മന്ത്രി മുർഹഫ് അബു ഖസ്റയുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി നിർണയിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചത്. ലബനാൻ, സിറിയൻ അതിർത്തിയിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ സൗദി ആതിഥേയത്വം വഹിച്ച ചർച്ചക്ക് വ്യാഴാഴ്ചയാണ് ലബനാൻ, സിറിയ പ്രതിരോധ മന്ത്രിമാർ ജിദ്ദയിലെത്തിയത്.
അതിർത്തി നിർണയിക്കുന്നതിനുപുറമേ സുരക്ഷാ, സൈനിക വെല്ലുവിളികൾ നേരിടുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ഏകോപിപ്പിക്കാനും ധാരണയായതായി അവർ വിശദീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തികൾ വേർതിരിക്കുക, വിവിധ മേഖലകളിൽ നിയമപരവും പ്രത്യേകവുമായ കമ്മിറ്റികൾ രൂപവത്കരിക്കുക, സുരക്ഷാ, സൈനിക വെല്ലുവിളികൾ പ്രത്യേകിച്ച് അതിർത്തികളിൽ ഉണ്ടായേക്കാവുന്ന വെല്ലുവിളികൾ നേരിടാൻ ഏകോപന സംവിധാനങ്ങൾ സജീവമാക്കൽ എന്നിവയുടെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു. ചർച്ചക്ക് സൗകര്യമൊരുക്കിയ സൗദി നേതൃത്വത്തിന് ലബനാൻ, സിറിയൻ മന്ത്രിമാർ നന്ദി പറഞ്ഞു. സിറിയൻ മുൻ പ്രസിഡന്റ് ബശാർ അൽഅസദിന്റെ ഭരണത്തിന്റെ പതനത്തിനുശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആവർത്തിച്ചുള്ള ഏറ്റുമുട്ടലുകളും അതിർത്തി സംഘർഷങ്ങളുമുണ്ടായത്. ഇതേത്തുടർന്നാണ് പ്രശ്നപരിഹാരത്തിനായി ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരുടെ ചർച്ച സൗദിയുടെ നേതൃത്വത്തിൽ നടന്നത്. അതേസമയം രണ്ട് അയൽരാജ്യങ്ങളുടെയും സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്ന എല്ലാറ്റിനും പൂർണപിന്തുണ നൽകുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. അതിർത്തി നിർണയിക്കുന്നതിനുള്ള കരാറിൽ ലബനാനും സിറിയയും ഒപ്പുവെച്ചതിൽ സന്തോഷമുണ്ടെന്ന് സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ പറഞ്ഞു. കരാർ സുപ്രധാനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.