പഴയന്നൂര്‍: ഒരു പട്ടാളക്കാരന്റെ ഓര്‍മകള്‍ നിറയുകയാണ് പഴയന്നൂര്‍ വടക്കേത്തറ വെള്ളിയോട്ടില്‍ സിജി ഗോവിന്ദിന്റെ ഹൃദയത്തിലിന്നും. മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എന്‍എസ്ജി കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണനാണ് ഈ ഓര്‍മകള്‍ക്ക് കരുത്തേകുന്നത്. വളരെ അപൂര്‍വമായ ഒരു ആത്മബന്ധത്തിന്റെ കഥയാണിത്. മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ പിറന്നാളിനോടനുബന്ധിച്ച് സന്ദീപിന്റെ അച്ഛന്‍ ഉണ്ണിക്കൃഷ്ണനും അമ്മ ധനലക്ഷ്മയും മുടക്കമില്ലാതെ സിജി ഗോവിന്ദിന് അയക്കുന്ന പിറന്നാള്‍ കാര്‍ഡുകളാണ് ഈ ആത്മബന്ധത്തിനടിസ്ഥാനം.
2008ല്‍ തീവ്രവാദികളുടെ താജ് ഹോട്ടല്‍ ആക്രമണത്തിനിടെയാണ് മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ വീരമൃത്യു വരിക്കുന്നത്. തുടര്‍ന്ന് സന്ദീപിന്റെ വിയോഗത്തില്‍ സിജി ഗോവിന്ദ് അനുശോചനമര്‍പ്പിച്ചെഴുതിയ കത്തിലൂടെയാണ് മാതാപിതാക്കളായ ധനലക്ഷ്മിയുടെയും ഉണ്ണിക്കൃഷ്ണനെയും ബന്ധപ്പെടുന്നത്. സിജി ഗോവിന്ദ് വളപ്പില കമ്യൂണിക്കേഷന്‍സിലെ കോപ്പിറൈറ്ററായി ജോലി ചെയ്യുന്ന അവസരത്തിലാണ് മേജറിന്റെ അച്ഛന്‍ ഉണ്ണിക്കൃഷ്ണന്‍ ജോലി ചെയ്യുന്ന ബംഗളൂരുവിലെ ഐഎസ്ആര്‍ഒ വിലാസത്തില്‍ കത്തയക്കുന്നത്. പട്ടാളക്കാരെ ഒരുപാട് ഇഷ്ടപ്പെടുന്ന സിജി ഗോവിന്ദ്, തന്റെ തൂലികയില്‍ പിറന്ന ആര്‍മി ഓഫീസറെവച്ചുള്ള പരസ്യ കാമ്പയിന്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന് സമര്‍പ്പിച്ചുകൊണ്ടാണ് കത്തെഴുതിയത്. പരസ്യ രംഗത്തെ കോപ്പിറൈറ്ററായാണ് സിജി ഗോവിന്ദ് പ്രവര്‍ത്തിച്ചിരുന്നത്. ഈ കത്തിടപാടിനുശേഷമാണ് സന്ദീപിന്റെ മരണശേഷമുള്ള ഓരോ പിറന്നാളിനും മാതാപിതാക്കള്‍ സിജി ഗോവിന്ദിന് പിറന്നാള്‍ കാര്‍ഡുകള്‍ മുടക്കമില്ലാതെ അയക്കാന്‍ തുടങ്ങുന്നത്. സന്ദീപിന്റെ പിറന്നാളായ ഇക്കഴിഞ്ഞ മാര്‍ച്ച് 15 വരെയും അതിന് മുടക്കമൊന്നും വന്നിട്ടില്ല. ഭാരതത്തിന്റെ അഖണ്ഡതക്കുവേണ്ടി വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ രക്ഷിതാക്കളാരും ഒറ്റക്കല്ലെന്നും അവരെയോര്‍ത്ത് നാടിന്റെ പ്രിയപുത്രന്മാരുണ്ടെന്നുമാണ് സിജി ഗോവിന്ദിന് പറയാനുള്ളത്. സിജിയുടെ ഹൃദയത്തിലെക്കാലവും മേജര്‍ സന്ദീപ് അമരനാണ്.



