ചെങ്ങമനാട്: ഹെവൻ ഫ്രൂട്ട് എന്നറിയപ്പെടുന്ന ഗാക് ഫ്രൂട്ട് കേരളത്തിലെ കൃഷിയിടങ്ങൾ സുപരിചിതമാകുകയാണ്. വിയറ്റ്നാമിലെ പഴവർഗമായ ഗാക് ഫ്രൂട്ടിന് വീട്ടുവളപ്പിൽ സൗകര്യം ഒരുക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഇതിന്റെ ആരോഗൃ ഗുണങ്ങൾ അറിഞ്ഞ് രണ്ട് വർഷം മുമ്പ് നട്ട്, ടെറസിൽ നിന്ന് വിളവെടുപ്പ് നടത്തി മികച്ച വരുമാനം ഉറപ്പാക്കുകയാണ് ചെങ്ങമനാട് പ്ളാക്കൽ പാപ്പു കുഞ്ഞുമോൻ. മറ്റു വിളകളെ അപേക്ഷിച്ച് യാതൊരു വിധ ചെലവുകൾ ഇല്ലാത്ത ഗാക് ഫ്രൂട്ടിൽ നിന്ന് നൂറുമേനി വിളവ് ലഭിച്ച സന്തോഷത്തിലാണ് കുഞ്ഞുമോൻ. വീടിന്റെ ടെറസിലെ വിശാലമായ പന്തലിൽ വിവിധ വർണങ്ങളിലുള്ള ഗാക് ഫ്രൂട്ടിന്റെ മനോഹരമായ കാഴ്ച ഏവരിലും കൗതുകം ഉണർത്തുന്നുണ്ട്.
ചെറുപ്പകാലം മുതൽ കൃഷിയോടുള്ള താൽപര്യമാണ് അപൂർവമായി കാണപ്പെടുന്ന ഗാക് ഫ്രൂട്ട് കൃഷിയിലേക്ക് തിരിയാൻ കാരണം. ഹെവൻ ഫ്രൂട്ട് എന്ന ഫലത്തിന് പരാഗണം സ്വയം നടക്കുന്നത് അപൂർവ്വമായിട്ടാണ്. ഈ കൃഷിയിൽ സങ്കീർണമായ കാര്യം പരാഗണം കർഷകർ നടത്തണം എന്നതാണ്. ഗാക് ചെടികൾ ആണും പെണ്ണുമായി വേറെയാണ്. അതുകൊണ്ട് പെൺചെടികളുടെ കൂടെ ആൺചെടികളും വേണം. തുടക്കത്തിൽ നട്ട തൈകൾ
പരാജയപ്പെട്ടെങ്കിലും പരീക്ഷണത്തിൽ തൽപരനായ ഈ കർഷകൻ പിന്മാറാൻ തയാറായില്ല. ഗാക് ഫ്രൂട്ടിന്റെ പുതിയ പത്ത് തൈകൾ ശേഖരിച്ച് വീണ്ടും കൃഷിചെയ്തു. ഒരു വലിയ തടത്തിൽ അഞ്ച് തൈകൾ അല്പം അകലത്തിലായി നട്ടു. പച്ചിലവളവും ആട്ടിൻകാഷ്ഠവും അടിവളമായി നൽകിയാണ് നട്ടത്. പടർന്ന് വളർന്ന ചെടികളെ കയറുകെട്ടി ടെറസിലേയ്ക്ക് കയറ്റി. ടെറസിൽ ഏഴ് അടി ഉയരത്തിൽ ഒരുക്കിയ പന്തലിൽ അവ പടർന്നു. പന്തലിൽ കയറുന്നത് വരെ ശാഖകൾ ഉണ്ടാകാൻ അനുവധിച്ചില്ല.നല്ല സൂരൃപ്രകാശവും നനയും ആവശ്യം. നട്ട് ആറ് മാസം കഴിഞ്ഞമ്പോൾ പുഷ്പിച്ചുതുടങ്ങി. പൂക്കൾ വന്നാൽ മാത്രമേ ആൺ പെൺ ചെടികളെ തിരിച്ചറിയാൻ കഴിയൂ. തേനീച്ചകളും ചെറുപ്രാണികളുമാണ് സാധാരണ ഗതിയിൽ പരാഗണം നടത്തുന്നത്. കായ്കൾക്ക് വലിപ്പം, തൂക്കം, ഗുണം, എണ്ണം ഇവ കൂടുതൽ ലഭിക്കുന്നതിന് പരാഗണം ആവശ്യം തന്നെ. ആൺ പൂക്കളിൽനിന്ന് പൂപ്പൊടി എടുത്ത് രാവിലെ പെൺപൂക്കളിൽ നിക്ഷേപിക്കുന്നതാണ് കർഷകന്റെ പ്രധാന ജോലി.
കായകൾ ഉണ്ടായാൽ പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും നിറങ്ങളിൽ വിവിധ പാകത്തിലുള്ള ഗാക് ഫലങ്ങൾ പന്തലിൽ തൂങ്ങിക്കിടക്കാൻ തുടങ്ങും. പച്ചയിൽ തുടങ്ങി ചുവപ്പിലെത്തുമ്പോഴാണ് വിളവെടുക്കാൻ പാകമാകുക. പച്ച കായകൾ പാവയ്ക്ക പോലെ കറിയ്ക്ക് ഉവയോഗിക്കാൻ പറ്റും. പച്ചനിറം മാറിതുടങ്ങുന്നതിന് മുമ്പ് കറിയ്ക്ക് എടുക്കണം. ചുവപ്പ് നിറം വന്നതിന് ശേഷമാണ് പഴമായി പറിയ്ക്കുന്നത്. ഇന്ന്ഒരു കിലോ പഴത്തിന് 900 മുതൽ 1400 രൂപ വരെയാണ് വിപണി വില.
ശരിയായ രീതിയിൽ പരാഗണം നടന്ന പഴങ്ങൾക്ക് വലിപ്പം കൂടുതലും 300 ഗ്രാം മുതൽ 600 ഗ്രാം വരെ തൂക്കവും ഉണ്ടാകുമെന്ന് കുഞ്ഞുമോൻ പറഞ്ഞു. നേരിയ ചവർപ്പ് രുചിയുണ്ടെങ്കിലും വിറ്റാമിൻ സി, മൂലകങ്ങൾ, ആന്റി ഓക്സൈഡുകൾ എന്നിവയാൽ സമ്പന്നമാണ് ഗാക് പഴം. ജ്യൂസ്, അച്ചാർ, സോസ് തുടങ്ങി മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാനും സാധിക്കും. മൂപ്പെത്താത്ത ഇലകളും പച്ചക്കറിയായി ഉപയോഗിക്കാം. വിത്തുകൾ പാകിയാണ് തൈകൾ ഉണ്ടാക്കുന്നത്. വിത്തുകൾ മുളക്കാൻ കുറഞ്ഞത് ഒരു മാസം വേണം. വിത്തുകൾ ഔഷധ നിമ്മാണത്തിന് ഉവയോഗിക്കുന്നുണ്ട്. ആവശൃക്കാർ അറിഞ്ഞ് വീട്ടിൽ എത്തി വാങ്ങുന്നു. കൊച്ചി ലുലു മാളിലേയ്ക്കും ഇടയ്ക്കിടെ നൽകുന്നുണ്ട്. എത്ര ഉണ്ടായാലും വില്പന ഒരു പ്രശ്നമല്ല. വർഷത്തിൽ മൂന്ന് തവണ ജൈവ വളം നൽകിയാൽ വളർച്ചയും വിളവും കൂടും. വെട്ടിയൊതുക്കി പരിപാലിച്ചാൽ കുറഞ്ഞത് പത്ത് വർഷം വരെ വിളവെടുപ്പ് നടത്താൻ കഴിയും.