കോട്ടയം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി സംസ്ഥാന ലൈബ്രറി കൗൺസിലുമായി സഹകരിച്ച് നടത്തുന്ന സാമൂഹിക വിജ്ഞാനകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുൻ ധനകാര്യ വകുപ്പ് മന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. ടി.എം. തോമസ് ഐസക് നിർവഹിച്ചു. സാമൂഹിക വിജ്ഞാന കേന്ദ്രങ്ങൾക്ക് കേരള വികസന പ്രക്രിയയിൽ വലിയ പങ്കു വഹിക്കാൻ സാധിക്കേണ്ടതുണ്ട് എന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
എലിക്കുളം ഗ്രാമപഞ്ചായത്തിലെ പനമറ്റം വെളിയന്നൂർ ദേശാഭിമാനി വായനശാലയിൽ സംസ്ഥാനത്തെ ആദ്യ സാമൂഹിക വിജ്ഞാന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ എലിക്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റും കെ എസ് എസ് പി മുൻ ജില്ലാ കമ്മിറ്റി അംഗവുമായ ശ്രീ. എസ് ഷാജി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനറും പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും കെ എസ് എസ് പി ജില്ലാ കമ്മിറ്റി അംഗവുമായ പ്രൊഫ എം കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. യുവസമിതി സംസ്ഥാന കൺവീനർ ശ്രീ എം ദിവാകരൻ യുവസമിതിയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളും ഭാവി പരിപാടികളും വിശദീകരിച്ചു. ഒപ്പം സാമൂഹിക വിജ്ഞാന കേന്ദ്രം സംബന്ധിച്ച കെ എസ് എസ് പി യുവസമിതിയുടെ കാഴ്ച്ചപ്പാടും വിശദമായി അവതരിപ്പിച്ചു. യുവസമിതി സംസ്ഥാന ചെയർപേഴ്‌സൺ ജിസ്സ് ജോസഫ് വിജ്ഞാന കേന്ദ്രത്തിന്റെ ആദ്യ പഠന പ്രഖ്യാപനം നിർവ്വഹിച്ചു.
എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ സാമൂഹിക പുനരധിവാസ പ്രവർത്തനം സംബന്ധിച്ചാണ് ആദ്യ പഠനം നടത്തുന്നത്. തുടർന്ന് ഗ്രന്ഥശാല പ്രവർത്തനങ്ങളിലെ യുവജന പങ്കാളിത്തത്തിന്റെ പ്രാധാന്യം സംബന്ധിച്ച അവതരണം ലൈബ്രറി കൗൺസിൽ കാഞ്ഞിരപ്പള്ളി താലൂക്ക് സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യൻ നിർവ്വഹിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ചു വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും സംഘങ്ങളെയും സാമൂഹിക വിജ്ഞാന കേന്ദ്രത്തിന്റെ ആദ്യ പരിപാടി എന്ന നിലയിൽ മൊമെന്റോ നൽകി ആദരിച്ചു.
എലിക്കുളം പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കലാകാരന്മാർ നയിക്കുന്ന മാജിക് വോയിസ്, കുടുംബശ്രീ, ഹരിതകർമ്മ സേന, നിറവ്@60+ വയോജന കൂട്ടായ്‌മ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രവർത്തകർ സ്വീകരണം ഏറ്റു വാങ്ങിയത് ഏറെ ആവേശകരമായ അനുഭവമായിരുന്നു. തുടർന്ന് കെ എസ് എസ് പി ജില്ലാ സെക്രട്ടറി വിജു കെ നായർ കൃതജ്ഞത രേഖപ്പെടുത്തി. ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി യുവസമിതി ജില്ലാ കൺവീനർ വിഷ്ണു ശശിധരൻ പതാക ഉയർത്തി. യോഗ നഗരിയിൽ പരിഷത്തിന്റെയും ലൈബ്രറി കൗൺസിലിന്റെയും പതാകകൾ സ്‌ഥാപിച്ചിരുന്നു.
സാമൂഹിക വിജ്ഞാനകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ് ഷാജി കെ എസ് എസ് പി ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രൊഫ എം കെ രാധാകൃഷ്ണൻ, വി പി ശശി, എൻ സോമനാഥൻ, ജി അരുന്ധതി, ജില്ലാ യുവസമിതി ചെയർപേഴ്‌സൺ ആതിര കെ പി, പരിഷത്ത് മേഖലാ സെക്രട്ടറി എം എ സജികുമാർ, മേഖലാ പ്രസിഡന്റ് ജലാലുദ്ദീൻ കെ എ, യുവസമിതി മേഖലാ കൺവീനർ സജിത് തുടങ്ങിയവർ നേതൃത്വം നൽകി.