സാക്ഷരതയ്ക്കും സാംസ്‌കാരിക പെരുമയ്ക്കും പേരുകേട്ട കേരളത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാക്കാനാകുന്നില്ല. ഓരോ ദിവസവും കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നവയാണ്. മദ്യവും രാസലഹരിയും സമൂഹമാധ്യമങ്ങളുടെ വഴിപിഴച്ച പോക്കുമെല്ലാം മനുഷ്യനെ കൊണ്ടെത്തിക്കുന്നത് ആത്മഹത്യകളിലും കൊലപാതകങ്ങളിലുമാണ്.
മദ്യവും മയക്കുമരുന്നും അതിഭീകരമായ പദാര്‍ത്ഥങ്ങളാണ്. ഇവ മനുഷ്യനെ ഇഞ്ചിഞ്ചായി നശിപ്പിക്കുന്നു. മദ്യവും മയക്കുമരുന്നുമെല്ലാം കീഴടക്കുന്നത് മനുഷ്യമനസ്സിനേയും ബുദ്ധിയേയുമാണ്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപഭോഗമാണ് സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ ഏറുന്നതിന് മുഖ്യപങ്കുവഹിക്കുന്നത്. തമാശയ്ക്ക് തുടങ്ങി ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു വസ്തുവായി ഇവ മാറുമ്പോഴാണ് മോഷണം, പിടിച്ചുപറി, കൊലപാതകം, വ്യഭിചാരം എന്നിവയ്ക്ക് വഴിതുറക്കുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കൈയേറ്റങ്ങള്‍, റോഡ് അപകടങ്ങള്‍, ഗാര്‍ഹിക പീഡനം, കൊലപാതകം, രോഗങ്ങള്‍ എന്നിവയുടെയെല്ലാം മൂലകാരണം ലഹരിയുടെ ഉപയോഗമാണെന്നാണ് കണ്ടെത്തല്‍. ലഹരിയ്ക്ക് അടിമപ്പെട്ട് ആണ്‍കുട്ടികളെപ്പോലും പീഡനത്തിന് ഇരയാക്കുക, വയോധികരേയും ബാലികമാരേയും ആക്രമിക്കുക എന്നിവ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. മുതിര്‍ന്നവരെപോലെ തന്നെ സ്‌ക്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും ലഹരിയുടെ ഉപയോഗം കൂടുതലാണ്. ലഹരിവസ്തുക്കള്‍ നിരോധിച്ചിരിക്കുന്നു എന്ന് വാക്കാല്‍ പറയുകയും പിന്‍വാതിലിലൂടെ അവ വില്‍പ്പന നടത്തുകയും ചെയ്യുന്ന കച്ചവടക്കാരും കുറവല്ല. പോലീസോ, എക്‌സൈസോ ഇവരെ പിടിച്ചാല്‍തന്നെ പിഴയൊടുക്കി കേസില്‍ നിന്നും ഊരുകയും വീണ്ടും ഈ പ്രവര്‍ത്തി തന്നെ പിന്‍തുടരുകയുമാണ് ചെയ്യുന്നത്.
സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ നന്മയും തിന്മയുമുണ്ടെന്നത് അഭ്യസ്ഥവിദ്യരായ ആളുകള്‍ക്ക് പോലും അജ്ഞാതമാണ്. വ്യത്യസ്തങ്ങളായ പല അനുഭവങ്ങളുണ്ടായാലും വീണ്ടും വീണ്ടും ജനങ്ങള്‍ അപകടങ്ങളിലേയ്ക്ക് സ്വയം ആകര്‍ഷിക്കപ്പെടുകയും ഈയാംപാറ്റകളെപ്പോലെ ചത്തൊടുങ്ങുകയും ചെയ്യുന്നു.
വളരെ സുന്ദരമായ ചിത്രങ്ങള്‍ പ്രൊഫൈല്‍ ഫോട്ടോകളായി ഇട്ട് ചതിക്കുഴികളൊരുക്കി കാത്തിരിക്കുന്ന ഒരുപാടുപേരുണ്ട് സമൂഹമാധ്യമങ്ങളില്‍. അതില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടും. ഇത്തരം ചതിയില്‍പ്പെട്ട് പൊലിഞ്ഞുപോയ എത്രയോ ജീവിതങ്ങള്‍ നമ്മുടെ ചുറ്റുമുണ്ട്. ശിഥിലമായ കുടുംബബന്ധങ്ങളും സാമ്പത്തിക ഭദ്രതയില്ലായ്മയും അരക്ഷിതാവസ്ഥയും സമൂഹമാധ്യമങ്ങളുടെ അതിപ്രസരവുമെല്ലാം ഓരോരുത്തരേയും കൊണ്ടെത്തിക്കുന്നത് അത്യന്തം അപകടാവസ്ഥയിലാണ്. ഒരിക്കല്‍ പെട്ടുപോയാല്‍ കരകയറാന്‍ കഴിയാത്ത അവസ്ഥയില്‍ അവ കൊണ്ടെത്തിക്കുന്നു. ഇത്തരം പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്ത് ജീവിതത്തെ വെല്ലുവിളിയായി സ്വീകരിച്ച് മുന്നേറുന്നവര്‍ വളരെ ചുരുക്കമാണ്.
ഫെയ്‌സ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റ് സമൂഹ മാധ്യമങ്ങളിലൂടെയും പരിചയപ്പെടുന്ന, ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത കാമുകനേയും കാമുകിയേയും തേടി നേരിട്ടെത്തുമ്പോഴാണ് തങ്ങള്‍ക്ക് പറ്റിയ അമളി മനസ്സിലാകുന്നത്. പ്രണയിക്കുമ്പോള്‍ പറഞ്ഞിട്ടുള്ള വ്യക്തിത്വമോ, തൊഴിലോ, സൗന്ദര്യമോ ഒന്നുമില്ലാത്ത ആളായിരിക്കും മുന്നില്‍ നില്‍ക്കുന്നത്. പിന്‍മാറാമെന്ന് കരുതിയാല്‍ പ്രണയസല്ലാപത്തിനിടയില്‍ അവളുടെ അല്ലെങ്കില്‍ അവന്റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്പരം കൈമാറിയിട്ടുണ്ടാകും. പിന്നീട് അതുവച്ചായിരിക്കും വിലപേശല്‍. അവസാനം ഗത്യന്തരമില്ലാതെ ആത്മഹത്യയിലോ, അല്ലെങ്കില്‍ കൊലപാതകത്തിലോ ആകും ആ ബന്ധം അവസാനിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണല്ലോ കോളിളക്കം സൃഷ്ടിച്ച ആതിര കൊലക്കേസ് നടന്നത്. കൊല്ലപ്പെട്ട ആതിര എന്ന യുവതിയെ സമൂഹമാധ്യമത്തിലൂടെയായിരുന്നു കൊലപാതകി പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിലേയ്ക്കും ശാരീരിക ബന്ധത്തിലേയ്ക്കും സാമ്പത്തിക ഇടപാടിലേയ്ക്കും കടന്നു. കുടുംബിനിയും ഒരു കുട്ടിയുടെ മാതാവുമാണ് ആതിര എന്നതാണ് ശ്രദ്ധേയം. ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് തന്നോടൊപ്പം ഇറങ്ങിവരാന്‍ വിസമ്മതിച്ചതിനാണ് ആതിരയെ പ്രതി കൊലക്കത്തിയ്ക്ക് ഇരയാക്കിയത്. പ്രണയം പകയിലേയ്ക്കും പിന്നീട് കൊലയിലേയ്ക്കും നയിക്കുന്നു. ചോറ്റാനിക്കര പോക്‌സോ കേസ് അതിജീവിതയുടെ കാര്യവും വിഭിന്നമല്ല. ക്രൂരമായ പീഡനത്തിന് ഇരയായി ആറ് ദിവസങ്ങള്‍ക്ക് ശേഷം മരണത്തിനു കീഴടങ്ങിയ ആ പെണ്‍കുട്ടിയും അനൂപ് എന്ന ആണ്‍സുഹൃത്തിനെ പരിചയപ്പെടുന്നത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അക്രമങ്ങള്‍ സംസ്ഥാനത്ത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങള്‍ക്ക് അറുതിയില്ല. ആഡംഭര ജീവിതത്തിനും ലഹരിയ്ക്കുമുള്ള പണം കണ്ടെത്തുന്നതിനായി ഒരുതരി സ്വര്‍ണ്ണത്തിനുവേണ്ടി മനുഷ്യനെ നിഷ്‌ക്കരുണം കൊന്നുതള്ളാന്‍ മടിയില്ലാതായി. ഒരല്‍പ്പം പോലും പശ്ചാത്താപമില്ലാതെയാണ് ഓരോ പ്രതികളും കോടതിമുറികള്‍ കയറിയിറങ്ങുന്നതും ജയിലുകളില്‍ കഴിയുന്നതും.
പകയും അന്ധവിശ്വാസവും അനാചാരങ്ങളും സമൂഹത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഏറെയാണ്. പെട്ടെന്ന് ധനികരാകുന്നതിനും നിധി ലഭിക്കുന്നതിനുമായി അരങ്ങേറിയ കൊലപാതകങ്ങളും രതിവൈകൃതങ്ങളുമെല്ലാം മലയാളി മറക്കാനിടയില്ല. ആരോഗ്യകരമല്ലാത്ത ബന്ധങ്ങള്‍ കുടുംബത്തെ മാത്രമല്ല, സമൂഹത്തെ തന്നെ ബാധിക്കുന്നു. ആഢംബരജീവിതത്തോടുള്ള അമിതാസക്തിയും തൊഴിലില്ലായ്മയും കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനയ്ക്ക് ആക്കം കൂട്ടുന്നു. ഈ അടുത്തകാലത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന യുവതിയായ പ്രതിയും ആഢംബരജീവിതത്തിനുവേണ്ടിയായിരുന്നല്ലോ പ്രാണനുതുല്യം സ്‌നേഹിച്ച കാമുകനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയത്.
വെര്‍ച്വല്‍ അറസ്റ്റ് എന്നപേരില്‍ പുതിയ തട്ടിപ്പും തുടങ്ങിയിട്ടുണ്ട്. അധ്വാനിച്ച് സ്വന്തം അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന പണം തങ്ങളറിയാതെ നഷ്ടമാകുന്ന കയ്‌പേറിയ അനുഭവങ്ങള്‍ക്ക് ഈയിടെയായി കേരളം സ്ഥിരമായി സാക്ഷിയാകുന്നുണ്ട്. സമൂഹമാധ്യമങ്ങളുടെ മറവിലാണ് ഇത്തരം അന്താരാഷ്ട്ര സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പോലീസിന്റെ അവസരോചിതമായ ഇടപെടലാണ് ഇത്തരം മാഫിയാസംഘങ്ങളെ കുടുക്കാന്‍ സഹായിക്കുന്നത് എന്നത് വളരെ ശ്രദ്ധേയവും പ്രശംസനീയവുമാണ്.
കര്‍ശനമായ നീതിനിര്‍വ്വഹണവും നിയമവ്യവസ്ഥകളും കൊണ്ടു മാത്രമേ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കൂ. നിസാര ശിക്ഷകള്‍ക്ക് പകരം നിലവിലുള്ള ശിക്ഷയുടെ ഇരട്ടിയോ അതിലധികമോ നല്‍കിയാല്‍ മാത്രമേ കുറ്റകൃത്യങ്ങളെ ഒരു പരിധിവരെയെങ്കിലും ചെറുക്കാന്‍ സാധിക്കുകയുള്ളു. ബന്ധങ്ങളുടെ സ്‌നേഹവും ഊഷ്മളതയും ഊട്ടിയുറപ്പിക്കാന്‍ കൗമാരക്കാര്‍ മുതലുള്ളവര്‍ക്ക് ബോധവല്‍ക്കരണവും നല്‍കേണ്ടതുണ്ട്. കുറ്റകൃത്യങ്ങള്‍ക്കുമേല്‍ പഴുതടച്ചുള്ള അന്വേഷണവും മാതൃകാപരമായ ശിക്ഷണവുമാണ് ആവശ്യം. എക്‌സൈസ് വകുപ്പ് ജീവനക്കാരുടെ എണ്ണത്തിലും കാലോചിതമായ മാറ്റം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രിയാശ്യാം
എഴുത്തുകാരി, സാംസ്‌കാരികപ്രവര്‍ത്തക
മലയിന്‍കീഴ്, തിരുവനന്തപുരം
ഫോണ്‍ 9995860354
maduranellika@gmail.com



