പൊന്നുരുന്നി: ആരോഗ്യ മേഖലയിൽ ഏറെ വളർന്നിട്ടും ആരോഗ്യ നിലവാരത്തിൽ പിന്നാക്കം നിൽക്കുന്നതിൻ്റെ കാരണം നമ്മുടെ പരമ്പരാഗത ആരോഗ്യ അറിവുകൾ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താത്തതാണെന്ന് ബിഷപ്പ് എമരിറ്റസ് മാർ തോമസ് ചക്യത്ത് അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സ്ഥാപനമായ സഹൃദയ നൈവേദ്യ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ മാസാചരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വളർന്നു വരുന്ന തലമുറകളിലേക്കും പാരമ്പര്യ ആരോഗ്യ അറിവുകൾ പകരാൻ നാം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.വി.പി. ജയകൃഷ്ണൻ അധ്യക്ഷനായിരുന്നു. കൊച്ചി എഫ്.എം. സ്റ്റേഷൻ ഡയറക്ടർ ടി.പി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ചുറ്റുമുള്ള ജീവജാലങ്ങളുടെയും പരിസ്ഥിതിയുടേയും ആരോഗ്യം സംരക്ഷിക്കുമ്പോഴാണ് നമ്മുടേയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കപ്പെടുന്നതെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി. സഹൃദയ നൈവേദ്യ ആശുപത്രി പുറത്തിറക്കുന്ന ഔഷധക്കഞ്ഞി, ഹെർബൽ ഷാംപൂ എന്നിവയുടെ വിതരണ ഉദ്ഘാടനം ബിഷപ്പ് തോമസ് ചക്യത്ത് നിർവഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, അസി.ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, ഫാ. ജോസഫ് കൊടിയൻ, ഡോ. സിസ്റ്റർ ആൻജോ , ഡോ. സി. അനഘൻ, പാപ്പച്ചൻ തെക്കേക്കര എന്നിവർ സംസാരിച്ചു.