ഒറ്റപ്പാലം: കിള്ളി കുളത്തി പല്ലവൻ്റെയും പിന്നീട് ചോഴൻ്റെയും ഒടുവിൽ സാമൂതിരിയുടെയും പടകൾ ഓടിയത് നിളയുടെ തീരത്തിലൂടെയായിരുന്നു. സാമൂതിരിയേയും പ്രാദേശീക നായർ നാടുവാഴികളെയും ചരിത്രത്തിലെ ചിത്രങ്ങളാക്കി മാറ്റിയ മൈസൂർ സുൽത്താന്മാരുടെ വരവിനു ശേഷമാണ് പാലക്കാട് പൊന്നാനി പാതയുടെ സർവേ നടന്നത്. അത് പ്രധാന പാതയായി മാറിയത് ബ്രീട്ടിഷുകാരൻ്റെ കാലത്താണ്. പാലക്കാടൻ മണ്ണിൽ ചോഴൻ്റെ കൊടി പാറിയ നാളിൽ നിർമ്മിക്കപ്പെട്ടതാണ് കിള്ളിക്കുറുശ്ശി മംഗലത്തെ ശിവക്ഷേത്രമെന്നാണ് ചരിത്രം. കിള്ളി ശബ്ദം ചോഴബന്ധത്തെ കുറിക്കുന്നതാണെന്നും അതിനാൽ തന്നെ കണ്ണിയമ്പുറം കിള്ളിക്കുളത്തിക്കും ആയിരത്താണ്ടുകളെക്കാൾ പഴക്കമുണ്ടാവുമെന്നതും ചരിത്രത്തിലെ എഴുത്തുകളാണ്.
ഒറ്റപ്പാലം പ്രദേശത്തെ ഏറ്റവും പുരാതനമായ ജനപഥം തോട്ടക്കരയും കണ്ണിയമ്പുറവുമാണ്. ഈ രണ്ടു ദേശങ്ങളുടെ അധിദേവതയായ കിള്ളിക്കുളത്തി വാഴുന്ന കണ്ണിയമ്പുറം ദേശത്തിൻ്റെ പേരിൽ മണക്കുന്നത് തമിഴ് ചുവയാണ്. “കണ്ണിയമാനപുരം “, മര്യാദയും സംസ്ക്കാരവും തികഞ്ഞ ഊര്. ഒറ്റപ്പാലം പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന കാവും കിള്ളിയുടെ ആലയമാവാനാണ് സാധ്യതയെന്ന് ചരിത്രാന്വോഷകരും വ്യക്തമാക്കുന്നു.