കൊച്ചി: സര്‍ക്കാര്‍ നിരോധിച്ച കീടനാശിനികള്‍ സര്‍ക്കാര്‍തന്നെ വില്‍ക്കുന്നു. ഗൈ്ലഫോസ്‌ഫേറ്റ് 41 എസ്.എല്‍, പാരാക്കോട്ട് ഡൈ ക്ലോറൈഡ് 24 എസ്.എല്‍ എന്നീ കളനാശിനികളാണ് സര്‍ക്കാര്‍സ്‌ഥാപനമായ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള (വി.എഫ്.പി.സി.കെ) യുടെ പ്രാദേശിക പച്ചക്കറി ശേഖരണ ഏജന്‍സി വഴി വില്‍ക്കുന്നത്. ഗൈ്ലഫോസ്‌ഫേറ്റ് രാസവസ്‌തു അടങ്ങിയ നൂറില്‍പ്പരം ബ്രാന്‍ഡ് കളനാശിനികള്‍ കേരള വിപണിയില്‍ സുലഭമാണ്. യഥാര്‍ഥ ഗുണനിലവാരമുള്ള ഇത്തരം കളനാശിനിക്ക് ലിറ്ററിന് 500 രൂപ വിലവരുമ്പോള്‍ ഗുണനിലവാരം കുറഞ്ഞവ 250 മുതല്‍ 300 വരെ രൂപയ്‌ക്കാണു വില്‍ക്കുന്നത്. ഇതുവാങ്ങി കര്‍ഷകര്‍ വഞ്ചിതരാകുന്നു. ഇടുക്കിയിലെ കര്‍ഷകര്‍ ഹൈക്കോടതിയില്‍നിന്ന് സ്‌റ്റേ ഉത്തരവ് വാങ്ങിയതോടെയാണ് നിരോധിക്കപ്പെട്ട കളനാശിനികള്‍ വീണ്ടും വിപണിയിലെത്താന്‍ തുടങ്ങിയത്. സ്‌റ്റേ മറയാക്കി ഇവ വ്യാപകമായി വില്‍ക്കുകയാണിപ്പോള്‍. ഇതിനെതിരേ നടപടിയെടുക്കേണ്ട സര്‍ക്കാര്‍പോലും വി.എഫ്.പി.സി.കെ വഴി ഇവ വിറ്റഴിക്കുന്നതാണ് ആശ്‌ചര്യം. കൃഷി ഓഫീസര്‍മാരുടെ ശിപാര്‍ശയോടെ മാത്രമേ മേല്‍പ്പറഞ്ഞ കീടനാശിനികള്‍ ഉപയോഗിക്കാവു എന്നിരിക്കെ, അതില്ലാതെ കര്‍ഷകര്‍ യഥേഷ്‌ടം ഉപയോഗിക്കുകയാണ്. സുരക്ഷിതമായി ഉപയോഗിക്കാവുന്ന മറ്റു കീടനാശിനികള്‍ വിപണിയിലുണ്ടെങ്കിലും വില കൂടുതലായതിനാല്‍ കര്‍ഷകര്‍ക്കു പ്രിയമില്ല. ഇതു മുതലെടുത്താണ് കമ്പനികള്‍ നിരോധിത കീടനാശിനികളുമായി രംഗത്തുവരുന്നത്.