പൊന്നുരുന്നി: ധനാഢ്യരുടെ കിട്ടാകടങ്ങൾ ബാങ്കുകൾ എഴുതിത്തള്ളുമ്പോഴും സാധാരണക്കാരൻ തന്റെ വായ്പകൾ വിശ്വസ്തതയോടെ തിരിച്ചടയ്ക്കുന്നത് സമ്പത്തിനേക്കാളുപരി ആത്മാഭിമാനത്തിന് അവൻ വിലകല്പിക്കുന്നതുകൊണ്ടാണെന്ന് എറണാകുളം – അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു. അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, ഫെഡറൽ ബാങ്കുമായി സഹകരിച്ച് സ്ഥാപിച്ച ജോയിന്റ് ലയബിലിറ്റി ഗ്രുപ്പുകൾ (ജെ എൽ. ജി) 2000 എണ്ണം കടന്നതിന്റെ പ്രഖ്യാപനം സംബന്ധിച്ച യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വളർച്ചയുടെ അളവുകോൽ അതിലെ ഏറ്റവും സാധാരണക്കാരന്റെ വളർച്ചയാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉമാ തോമസ് എം.എൽ.എ യോഗം ഉദ്‌ഘാടനം ചെയ്തു. വ്യക്തമായ ദിശാബോധത്തോടെയുള്ള കൂട്ടായ പ്രവർത്തനമാണ് സ്ത്രീ സമൂഹത്തെ ഉയർച്ചയിലേക്കു നയിക്കുവാനുള്ള വഴിയെന്ന് അവർ പറഞ്ഞു. ഫെഡറൽ ബാങ്ക് 2000 ജെ.എൽ.ജി.കളെ അംഗീകരിച്ചതിന്റെ പ്രഖ്യാപനം സോണൽ ഹെഡ് സി.എം. ശശിധരൻ നടത്തി. ഫെഡറൽ ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റ് എന്ന നിലയിലുള്ള വായ്പ പ്വദ്ധതിയുടെ ഉദ്‌ഘാടനം ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് ജോസ്മോൻ പി. ഡേവിഡ് നിർവഹിച്ചു. സഹൃദയ ആരംഭിക്കുന്ന മനോമിത്രം കൗൺസിലിംഗ് സെന്ററിന്റെ ഉദ്‌ഘാടനം ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയും ഓണത്തിന് ഓരോ വീട്ടിലും ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്‌ഘാടനം ഉമാ തോമസ് എം.എൽ.എ യും നിർവഹിച്ചു. മികച്ച പ്രവർത്തനം നടത്തിയ ജെ എൽ. ജി പ്രവർത്തകർക്കുള്ള അവാർഡുകൾ യോഗത്തിൽ വിതരണം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, അസിസ്റ്റന്റ് ജനറൽ മാനേജർ സുനിൽ സെബാസ്റ്റ്യൻ, ചീഫ് കൺസൽട്ടൻറ് തോമസ് കടവൻ , അനിമേറ്റർമാരുടെ പ്രതിനിധി ജെയ്‌നി സാം രാജ് , ജെ. എൽ. ജി. ഡവലപ്മെന്റ് ഓഫീസർ സി.ജെ. പ്രവീൺ,സഹൃദയ ടെക്ക് മാനേജർ ജീസ് പി. പോൾ എന്നിവർ സംസാരിച്ചു.
ഫോട്ടോ: സഹൃദയയും ഫെഡറൽ ബാങ്കും സഹകരിച്ച് 2000 ജെ.എൽ.ജി കൾ പൂർത്തിയായതിന്റെ പ്രഖ്യാപന സമ്മേളനം ഉമാ തോമസ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. പി. എൻ. ജയശ്രീ, ജെയ്‌നി സാം രാജ്, സി.ജെ. പ്രവീൺ, പാപ്പച്ചൻ തെക്കേക്കര, ജോസ്മോൻ പി. ഡേവിഡ് , ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി, സി.എം. ശശിധരൻ, ഫാ. ജോസ് കൊളുത്തുവെള്ളിൽ, സുനിൽ സെബാസ്റ്റ്യൻ, ഫാ. സിബിൻ മനയംപിള്ളി തുടങ്ങിയവർ സമീപം.



