Monday, July 7, 2025
No menu items!
Homeവാർത്തകൾസമന്വയ മൾട്ടി സെൻസറി പാർക്ക് ഒരുക്കുന്നു ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്

സമന്വയ മൾട്ടി സെൻസറി പാർക്ക് ഒരുക്കുന്നു ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്

ഉഴവൂർ: ഭിന്നശേഷി കുട്ടികൾക്കായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മൾട്ടി സെൻസറി പാർക്ക് ഒരുക്കുന്നു. പദ്ധതിക്ക് “സമന്വയ” എന്നാണ് പേരിട്ടിരിക്കുന്നത്. എം.സി റോഡ് സൈഡിൽ പട്ടിത്താനത്തുള്ള ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വക സ്ഥലത്താണ് സമന്വയ മൾട്ടി സെൻസറി പാർക്ക് നിർമ്മാണം നടക്കുന്നത്. കേരള സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച്ആൻഡ് ഹിയറിംഗ് (NISH) ന്റേയും, വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ബി.ആർ.സി യുടേയും സഹകരണത്തോടെ ആണ് പദ്ധതി നടപ്പാക്കുന്നത്.

ശ്രവണ സംസാര വൈകല്യം നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്ന മുൻനിര സാഥാപനമാണ് NISH. സംസാര വൈകല്യം ഉള്ള കുട്ടികളെ സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്നതിനു മുൻപു തന്നെ കണ്ടെത്തി പരിഹാരത്തിനു സഹായിക്കുന്നതിനായുള്ള സംവിധാനമാണ് NISH ന്റെ സഹകരണത്തോടെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്നത്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന അംഗനവാടി വർക്കർമാർ വഴി നടത്തിയ സർവ്വേയിലൂടെ കണ്ടെത്തിയ കുട്ടികളുടെ ഏർലി ഇന്റർവെൻഷൻ ക്യാമ്പ് നവംബർ 9-ാം തീയതി ശനിയാഴ്ച ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ആഡിറ്റോറിയത്തിൽ വച്ചു നടത്തുകയാണ്. നിഷ് -ൽ നിന്നുള്ള വിദഗ്ദരാണ് ക്യാമ്പ് നടത്തുന്നത്. തുടർന്ന് പട്ടിത്താനത്ത് ആരംഭിക്കുന്ന സമന്വയ മൾട്ടി സെൻസറി പാർക്കിൽ തുടർ പരിചരണവും, പരിശീലനവും നിഷ് നൽകും. പരിശീലനത്തിനുള്ള സ്പീച്ച് ലാംഗ്വേജ് പാതോളജിസ്റ്റ്, സോഷ്യൽ വർക്കർ, തുടങ്ങിയ വിദഗ്ദരെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് നിയമിക്കും.

സ്കൂൾ തലം മുതലുള്ള കുട്ടികൾക്കുള്ള പരിശീലനവും പരിചരണവും ഏറ്റെടുത്തു നടത്തുന്നത് ബി.ആർ.സി യുടെ നേതൃത്വത്തിലാണ്. മുൻകാലങ്ങളിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പദ്ധതികളിൽപ്പെടുത്തി നിർമ്മിച്ചിട്ടുള്ളതും ഉപയോഗമില്ലാതെ കിടന്നിരുന്നതുമായ പട്ടിത്താനത്തെ മൂന്ന് കെട്ടിടങ്ങളാണ് സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ അനുമതി വാങ്ങി സമന്വയ മൾട്ടി സെൻസറി പാർക്കിനായി വിനിയോഗിക്കുന്നത്. കെട്ടിടങ്ങൾ ഭിന്നശേഷി സൌഹൃദമാക്കി നവീകരിക്കുന്നതിന് 15 ലക്ഷം രൂപയാണ് ഈ വർഷത്തെ പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു കെട്ടിടം NISH ന്റെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. രണ്ടു കെട്ടിടത്തിൽ ബി.ആർ.സി യുടെ നേതൃത്വത്തിൽ ഓട്ടിസം സെന്റർ, മൾട്ടി സെൻസറി പാർക്ക്, ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കൾക്കായി തൊഴിൽ പരിശീലന കേന്ദ്രം എന്നിവ പ്രവർത്തിപ്പിക്കും. തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി പൂന്തോട്ടവും, കളിസ്ഥവും ക്രമീകരിക്കും. എസ്.എസ്.കെ കീഴിൽ 10 വർഷമായി കുറവിലങ്ങാട് ബി.ആർ.സി നടപ്പാക്കുന്ന ഓട്ടിസം സെന്റർ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വക സമന്വയ സെൻസറി പാർക്കിലേക്ക് വിപുലീകരിച്ച് പ്രവർത്തനം
മാറ്റും.

കേരള സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി 1997 ൽ സ്ഥാപിതമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) ശ്രവണ, സംസാര വൈകല്യം നേരിടുന്ന ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുനരധിവാസ പ്രവർത്തനങ്ങളിലെ ഏറ്റവും മുൻനിരയിലുള്ള സ്ഥാപനമാണ്. ഈ മാസം തന്നെ മൾട്ടി സെൻസറി പാർക്കിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ, വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചുറാണി സെബാസ്റ്റ്യൻ, സെക്രട്ടറി ജോഷി ജോസഫ് എന്നിവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments