തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 9 അംഗ സംഘത്തെ നിയോഗിച്ചു. സമഗ്രമായ പുനരധിവാസ പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രത്തിൽനിന്ന് അനുകൂല നിലപാടാണ് പൊതുവേയുള്ളത്. ജനങ്ങളുടെ പുനരധിവാസം ഉറപ്പ് വരുത്തണം. കേന്ദ്ര സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനം നടത്തുന്നുണ്ട്. പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നത്. ആവശ്യങ്ങളറിയിച്ച് പ്രധാനമന്ത്രിക്ക് സംസ്ഥാനം കത്തു നൽകിയിട്ടുണ്ട്. കേന്ദ്രത്തിന്റെ പിന്തുണയ്ക്ക് നന്ദിയും അറിയിച്ചു.