കൊച്ചി: സഭാതർക്കം നിയമനിർമ്മാണം വഴി മാത്രമേ പരിഹരിക്കാൻ കഴിയുവെന്നു ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് മുഹമ്മദ് മുഷ്‌താഖ്. കഴിഞ്ഞ ദിവസം കോതമംഗലം ചെറിയ പള്ളിയുടെയും തൃശൂർ ജില്ലയിലെ ഏതാനും പള്ളികളുടെയും കേസുകൾ പരിഗണിക്കവേയാണു ഡിവിഷൻ ബെഞ്ച് വാക്കാൽ സുപ്രധാന നിരീക്ഷണം നടത്തിയത്.
ഭൂരിപക്ഷത്തെ പുറത്താക്കി വിധി എഴുതുന്നത്, ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. സർക്കാരിനു നിയമനിർമ്മാണം കൊണ്ട് ഈ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണെന്നും ഒരു ബോർഡ് ഉണ്ടാക്കി വികാരിമാരെ പള്ളികൾ തെരഞ്ഞെടുക്കുന്ന അവസ്‌ഥയുണ്ടായാൽ സഭാതർക്കം എന്നന്നേക്കുമായി പരിഹരിക്കപ്പെടുമെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.
ഈ സമയത്തു ഓർത്തഡോക്‌സ് സഭ ഉയർത്തിയ തടസവാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. സ്‌റ്റേറ്റ് അറ്റോർണി ഹാജരാകാത്തതിനാൽ കേസ് അടുത്തമാസം ആറിലേയ്ക്കു മാറ്റിവച്ചു. ജസ്‌റ്റിസ് മുഷ്‌താഖിനു പുറമേ ജസ്‌റ്റീസ് എസ്. മനുവും ഉൾപ്പെട്ട ബഞ്ചാണു പരിഗണിക്കുന്നത്.