Friday, August 1, 2025
No menu items!
Homeസൗന്ദര്യംസദാ തണുത്ത കാറ്റും മൂടല്‍മഞ്ഞും വിരുന്നൊരുക്കുന്ന പരുന്തുംപാറ

സദാ തണുത്ത കാറ്റും മൂടല്‍മഞ്ഞും വിരുന്നൊരുക്കുന്ന പരുന്തുംപാറ

ചെറുതോണി: സദാ തണുത്ത കാറ്റും മൂടല്‍മഞ്ഞും വിരുന്നൊരുക്കുന്ന പരുന്തുംപാറ സഞ്ചാരികള്‍ക്ക് വിരുന്നാണ്. പാറക്കെട്ടുകളും അഗാധ കൊക്കയും മൊട്ടക്കുന്നും സാഹസികതയുടെ അടയാളം. 3000 അടിയിലേറെ താഴ്ചയുള്ള കൊക്കയാണ് പ്രധാന ആകർഷണം. കൊക്കയുടെ മുകളില്‍ വെള്ളമേഘം പോലെ മൂടല്‍മഞ്ഞ് നിറയുന്നു. വീശിയടിക്കുന്ന കാറ്റില്‍ കൊക്കയുടെ കാഴ്ച അപ്രത്യക്ഷമാകും. ചെറിയ കാറ്റ് വീശുമ്ബോള്‍ കൊക്ക വീണ്ടും തെളിയും.

പരുന്തുംപാറയുടെ പ്രധാന ആകർഷണം ഇതാണ്. കൊക്കയുടെ എതിർവശം നിബിഡവനമായ പെരിയാർ കടുവാ സംരക്ഷണ കേന്ദ്രത്തിന്‍റെ വിദൂരക്കാഴ്ച. വനത്തിനുള്ളില്‍ മഴക്കാലത്ത് സജീവമാകുന്ന അരുവികളും വെള്ളച്ചാട്ടങ്ങളുമുണ്ട്. കൊക്കയുടെ വശത്തുള്ള പാറക്കെട്ടില്‍ രവീന്ദ്രനാഥ ടാഗോറിന്‍റെ തല – താടി എന്ന രൂപത്തോട് സാദൃശ്യമുള്ള നീണ്ട പാറയും സ്ഥിതി ചെയ്യുന്നു. ടാഗോർ ഹെഡ് എന്നാണ് ഈ പാറ അറിയപ്പെടുന്നത്.

നിലം പറ്റി പുല്ലു തളിർത്തു നില്‍ക്കുന്ന മൊട്ടക്കുന്നിലെ പാറക്കെട്ടുകളില്‍ വിശ്രമിക്കാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. മലനിരകളില്‍ ആഗസ്റ്റ് ആദ്യവാരം നീലക്കുറിഞ്ഞി വിഭാഗത്തില്‍ പെട്ട മേട്ടുകുറിഞ്ഞിയും പൂവിട്ടു.

മേട്ടു കുറിഞ്ഞി കാണാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികള്‍ എത്തിത്തുടങ്ങിയത് റോഡ് ഗതാഗതം ആരംഭിച്ച 2002 ന് ശേഷമാണ്. ഇതിനു മുമ്ബ് ഇടുങ്ങിയ വഴിയായിരുന്നു. ഇതു വഴി കല്ലുകള്‍ക്ക് മുകളിലൂടെ ഫോർ വീല്‍ ഡ്രൈവുള്ള ജീപ്പുകള്‍ മാത്രമാണ് എത്തിയിരുന്നത്.

ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലും 5000 ത്തില്‍പരം പേരുണ്ടാകും പരുന്തുംപാറയില്‍. ഓണം- ക്രിസ്മസ് – മധ്യവേനല്‍ അവധിക്കാലത്തും പതിനായിരങ്ങളാണ് ഇങ്ങോട്ടൊഴുകുന്നത്. ശബരിമലയില്‍ മകരജ്യോതി തെളിയുന്നത് ഇവിടെ നിന്ന് കാണാൻ സാധിക്കുന്നതിനാല്‍ മകരവിളക്ക് ദിവസം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീർഥാടകരും ഇവിടേക്കെത്തുന്നു.

പരുന്തുംപാറക്ക് നാഥനില്ല

പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത് റവന്യൂ ഭൂമിയിലാണ്. പീരുമേട്, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തുകള്‍ ഈ ഭൂമി പങ്കിടുന്നു. ഇവിടെ ഭാഗികമായി വികസന പ്രവർത്തനങ്ങള്‍ നടത്തുന്നത് പീരുമേട് ഗ്രാമപഞ്ചായത്താണ്. എന്നാല്‍ സഞ്ചാര കേന്ദ്രത്തിന്‍റെ മേല്‍നോട്ടത്തിന് ഒരു വകുപ്പും പ്രവർത്തിക്കുന്നില്ല. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരുമില്ല. ഡി.ടി.പി.സിയുടെ ഗാർഡുമാരെയും കാണാനില്ല. പൊലീസും സ്ഥലത്തുണ്ടാകാറില്ല.

കൊക്കയില്‍ വീണ് സഞ്ചാരികള്‍ക്ക് പരിക്കേല്‍ക്കുന്ന സന്ദർഭങ്ങളില്‍ മണിക്കുറുകള്‍ കഴിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പീരുമേട്ടില്‍ നിന്നെത്തുന്ന അഗ്നിരക്ഷാ സേന അംഗങ്ങളും സമീപവാസികളും സാഹസികമായാണ് കൊക്കയില്‍ വീണവരെ മുകളില്‍ എത്തിച്ച്‌ രക്ഷിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും പൊലീസ് ഡ്യൂട്ടി വേണമെന്നാണ് സഞ്ചാരികളുടെ ആവശ്യം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ എത്തുന്ന ഇവിടെ സംഘർഷങ്ങളും പതിവാണ്. ഈ സമയങ്ങളില്‍ പീരുമേട്ടില്‍ നിന്ന് പൊലീസ് എത്തിയാണ് നിയന്ത്രിക്കുന്നത്.

ഡി.ടി.പി.സി പട്ടികയിലും പുറത്ത്; പൊലീസുമില്ല

അവധി ദിവസങ്ങളില്‍ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണം ഡി.ടി.പി.സി.പുറത്ത് വിടുമ്ബോള്‍ പരുന്തുംപാറ ഉള്‍പ്പെടാറില്ല. ഇവിടെ എത്തുന്ന സഞ്ചാരികളുടെ എണ്ണം ശേഖരിക്കാൻ സാധിക്കാത്തതിനാല്‍ എണ്ണം മറ്റൊരു വകുപ്പിന്‍റെ കൈവശവുമില്ല. മകരവിളക്ക് ദിവസം ഇവിടെ എത്തുന്ന ശബരിമല തീർഥാടകരുടെ എണ്ണം പൊലീസ് സ്പെഷല്‍ ബ്രാഞ്ച് ശേഖരിക്കുന്നത് മാത്രമാണ് ഏക കണക്കെടുപ്പ്. ജില്ല ടൂറിസം പ്രമോഷൻ കൗണ്‍സിലില്‍ കണക്കിലെടുക്കാഞ്ഞിട്ടും സഞ്ചാരികള്‍ക്ക് കുറവില്ല. പരുന്തുംപാറയില്‍ പെട്ടി കടകള്‍ മാത്രമാണ് പ്രവർത്തിക്കുന്നത്. 65 ല്‍ പരം കടകളുണ്ട്. നിയമാനുസൃത രേഖകള്‍ ഇല്ലാതെ ഭക്ഷണം പാകം ചെയ്യുകയും വിളമ്ബുകയും ചെയ്യുന്ന ഇത്തരം കടകളില്‍ അമിത വില ഈടാക്കി സഞ്ചാരികളെ ചൂഷണം ചെയ്യുന്നു. ചില കടക്കാർ സഞ്ചാരികളോട് മോശമായി ഇടപെടുന്നതായും പരാതിയുണ്ട്. ജങ്ഷനുകളില്‍ പെട്ടി വണ്ടിയില്‍ 10 രൂപക്ക് വില്‍ക്കുന്ന നിലക്കടല വറുത്ത പൊതിക്ക് ഇവിടെ 20 രൂപ നല്‍കണം.

പരുന്തുംപാറയിലേക്കുള്ള വഴി

ദേശീയപാത 183ല്‍ പഴയ പാമ്ബനാറിന് സമീപം കല്ലാർകവലയില്‍ നിന്ന് ആറ് കിലോമീറ്റർ സഞ്ചരിച്ചാല്‍ പരുന്തുംപാറയില്‍ എത്താം. ടാർവിരിച്ച ഗതാഗത യോഗ്യമായ വഴി ഉള്ളതിനാല്‍ എല്ലാ വാഹനങ്ങള്‍ക്കും ഇവിടെ എത്താൻ സാധിക്കും. ഡി.ടി.പി.സി ഉള്‍പ്പെടെ വിനോദസഞ്ചാര മേഖലക്ക് പ്രാതിനിധ്യം നല്‍കുന്ന വകുപ്പുകള്‍ പരുന്തുംപാറയെ ശ്രദ്ധിച്ചാല്‍ ജില്ലയിലെ പ്രധാന സഞ്ചാര കേന്ദ്രമായി മാറും. സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. സ്വകാര്യ സംരംഭകർ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമായി റിസോർട്ടുകള്‍, ഹോംസ്റ്റേകള്‍, ഭക്ഷണശാലകള്‍ എന്നിവ ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയും പരുന്തുംപാറയിലേക്ക് ഉല്ലാസയാത്ര നടത്തുന്നു. വിവിധ ഡിപ്പോകളില്‍ നിന്ന് അവധി ദിവസങ്ങളില്‍ അഞ്ച് ബസുകള്‍ എത്തുന്നു. പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് രണ്ട് ബസുകള്‍ എല്ലാ ദിവസവും ഗവി – പരുന്തുംപാറ ഉല്ലാസയാത്ര നടത്തുന്നുണ്ട്.

മാലിന്യക്കൂമ്ബാരമായി മാറിയ സുന്ദര ദേശം

സഞ്ചാരികളുടെ എണ്ണം കൂടും തോറും പരുന്തുംപാറയിലെ മാലിന്യവും വർധിക്കുകയാണ്. സഞ്ചാരികള്‍ കൊണ്ടുവരുന്ന ഭക്ഷണ പൊതികള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍, പേപ്പർ കപ്പുകള്‍, കുടിവെള്ളക്കുപ്പികള്‍, മദ്യക്കുപ്പികള്‍ എന്നിവ പാറക്കെട്ടുകളിലും പുല്‍മേടുകളിലും കടകള്‍ക്ക് സമീപവും കൂടിക്കിടക്കുന്ന സ്ഥിതിയാണ്. എല്ലാവർഷവും സന്നദ്ധ സംഘടനകളും സമീപത്തെ കോളജ് വിദ്യാർഥികളും ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ഇവിടെ നിന്ന് ശേഖരിച്ച്‌ നീക്കം ചെയ്യുന്നത്. പാറക്കെട്ടുകള്‍ക്ക് താഴെയുള്ള വനത്തിലേക്കും പ്ലാസ്റ്റിക്ക് ഉള്‍പ്പെടെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നു. പരുന്തുംപാറയെ പ്ലാസ്റ്റിക്ക് വിമുക്ത മേഖലയായി പ്രഖ്യാപിക്കണമെന്ന് ഇവിടെ എത്തുന്ന സഞ്ചാരികളും വർഷങ്ങളായി ആവശ്യപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments