ചേർത്തല ശ്രീനാരായണ കോളേജിലെ മലയാളം അധ്യാപകനായിരുന്ന ഒ.എസ്. സഞ്ജീവിന്റെ സ്മരണാർത്ഥം രൂപീകരിച്ചതാണ് സഞ്ജീവനം സാംസ്കാരിക സമിതി. കുറഞ്ഞ കാലത്തിനുള്ളിലും കലാ സാംസ്കാരിക രംഗത്ത് മികവാർന്ന ഇടപെടലുകൾ നടത്തുന്നതിന് സഞ്ജീവനം സാംസ്കാരിക സമിതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മഴ കവിതാക്യാമ്പ്, സഞ്ജീവനം യുട്യൂബ് ചാനൽ, പ്രഭാഷണ പരമ്പര, വിദ്യാഭ്യാസപുരസ്കാരം എന്നിവ അതിൽ പ്രധാനമാണ്. കേരളത്തിലെ ബിരുദ-ബിരുദാനന്തര-ഗവേഷക വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണ് സഞ്ജീവനം കാവ്യപുരസ്കാരം. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
രണ്ടാമത് സഞ്ജീവനം കാവ്യപുരസ്കാരത്തിന് ശ്രീവാസ് എ വി യുടെ ഭാഷയില്ലാത്തൊരപ്പൻ്റെ പേച്ച് എന്ന കവിതയാണ് അർഹമായിട്ടുള്ളത്. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നും 158 കവിതകളാണ് പുരസ്കാരത്തിനായി ലഭിച്ചത്. ഡോ.ബിച്ചു എക്സ് മലയിൽ ചെയർപേഴ്സണായ സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്. വിജില ചിറപ്പാട്, ഡോ.സുഷമബിന്ദു എന്നിവർ സമിതിയിൽ അംഗങ്ങളായിരുന്നു.
ശ്രീവാസ് എ വി തൃശൂർ സ്വദേശിയാണ്. 2014-17ൽ ശ്രീ കേരളവർമ്മ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടി. എം. ജി. സർവകലാശാലയിൽ നിന്നും 2017-18ൽ ബാച്ച്ലർ ഓഫ് ലൈബ്രറി സയൻസിൽ ബിരുദം നേടി. 2019-21ൽ കാലടി സർവകലാശാലയിൽ നിന്നും രണ്ടാം റാങ്കോടുകൂടി ചരിത്രത്തിൽ ബിരുദാനന്തര ബിരുദം. 2021-22ൽ കാലടി സർവകലാശാലയിൽ നിന്നും ചരിത്രത്തിൽ എം.ഫിൽ പൂർത്തിയാക്കി. നിലവിൽ CPAS, കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷൻ, ഇലന്തൂരിൽ B.Ed. ചെയ്യുന്നു.
കാവ്യപുരസ്കാര സമർപ്പണ ചടങ്ങ് 2024 ഡിസംബർ 1 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് ചേർത്തല വുഡ്ലാൻഡ്സ് ഹാളിൽ വെച്ച് നടക്കുന്നു. യുവ എഴുത്തുകാരൻ ലാസർ ഷൈൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ സി അമൃത ആമുഖ പ്രഭാഷണം നടത്തും. ഡോ ബിച്ചു എക്സ് മലയിൽ കവിതകൾ അവലോകനം ചെയ്ത് സംസാരിക്കും.
ചേർത്തല ശ്രീ നാരായണ കോളേജിലെ അധ്യാപകരായിരുന്ന ഡോ പി ജി പ്രദീപ് കുമാർ, എം വി കൃഷ്ണമൂർത്തി, ഡോ.സി.ലേഖ, ഡോ. പി കെ കുശലകുമാരി, ഡോ.പി ശ്രീമോൻ, ഡോ. എസ്.അജയകുമാർ, ഡോ.പി. എൻ.ഷാജി, ഡോ. ടി പി ബിന്ദു, നീന സുഭാഷ് എന്നിവർ ചേർന്ന് ഓർമ്മത്തിരി തെളിക്കും.
കാജൽ ദത്ത് (ആർട്ടിസ്റ്റ്), സജീവ് കാട്ടൂർ(നാടൻപാട്ട് കലാകാരൻ), ജെ സി ജ്യോതിക്കുട്ടൻ (ഗായകൻ), വിജയകുമാർ വളവനാട് (മിമിക്രി ആർട്ടിസ്റ്റ്), നിഷ സുബ്രഹ്മണ്യൻ (ആർട്ടിസ്റ്റ്), രാജീവ് പീതാംബരൻ (ആർട്ടിസ്റ്റ്), മനോജ് കാവുങ്കൽ (ഗാനരചയിതാവ്), ആർ സബീഷ് മണവേലി (കവി), ഡോ.കെ.എൽ.വിനിത (കവയത്രി) എന്നിവർ ചടങ്ങിൽ സാന്നിദ്ധ്യമരുളും.
സഞ്ജീവനം സാംസ്കാരിക സമിതി ചെയർ പേഴ്സൺ സോണി സീതാറാം അദ്ധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ എം രാജേഷ് സ്വാഗതവും ട്രഷറർ സുജീവ് സുരേന്ദ്രൻ നന്ദിയും പറയും. തുടർന്ന് കാവ്യാഞ്ജലിയും നടക്കും.