തിരുവനന്തപുരം: സംസ്ഥാന സ്കുൾ കായികമേളയിൽ വിജയികൾക്ക് സമ്മാനത്തുക വർധിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. നിലവിൽ അത്ലറ്റിക്സിൽ മികച്ച ജനറൽ സ്കൂളിന് നൽകിവരുന്ന സമ്മാനത്തുക ഒന്നാം സ്ഥാനത്തിന് 2,20000 എന്നത് രണ്ടരലക്ഷമായും രണ്ടാം സ്ഥാനത്തിനുള്ള 1,65,000 എന്നത് 1,75,000 ആയും മൂന്നാം സ്ഥാനത്തിനുള്ള 1,10,000മെന്നത് 1,25,000 ആയുമാണ് വർധിപ്പിച്ചത്. അത്ലറ്റിക്സ് വിഭാഗത്തിൽ സ്പോർട്സ് സ്കൂളുകളിൽ ഒന്നാം സ്ഥാനം നേടുന്ന സ്കൂളിന് ഒരു ലക്ഷവും രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 75,000, 50,000 രൂപയും നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതാദ്യമായാണ് സ്പോർട്സ് സ്കൂളുകൾക്ക് സമ്മാനം നൽകുന്നത്. മികച്ച സ്കൂളിനുളള ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി നൽകുന്നതിന് ജനറൽ സ്കൂളും സ്പോർട്സ് സ്കൂളും രണ്ടു കാറ്റഗറിയായി പരിഗണിച്ച് ഓരോ കാറ്റഗറിയിൽ നിന്നും മികച്ച സ്കൂൾ തിരഞ്ഞെടുക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ജില്ല നിർണയിക്കുന്നതിന് ജനറൽ സ്കൂൾ, സ്പോർട്സ് സ്കൂൾ വ്യത്യാസം ഇല്ലാതെ രണ്ടു കാറ്റഗറിയിലെ സ്കൂളുകളും നേടുന്ന ആകെ പോയിന്റുകൾ ഒരുമിച്ചു കണക്കാക്കും. കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന സംസ്ഥാന കായികമേളയിൽ ജനറൽ സ്കൂളുകൾക്കൊപ്പം സ്പോർട്സ് സ്കൂളുകളെയും ഓവറോൾ ട്രോഫിയ്ക്കായി പരിഗണിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംസ്ഥാന കായിക മേളയോടനുബന്ധിച്ച് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയുടെ സംസ്ഥാന തല പര്യടനം 19ന് തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ തട്ടത്തുമല ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെയും ചേർന്ന് ട്രോഫി സ്വീകരിക്കും. 21ന് രാവിലെ 10 ന് പട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ട്രോഫിയും ദീപശിഖ ഘോഷയാത്രയും ഉദ്ഘാടന വേദിയായ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകും. 12 സ്റ്റേഡിയങ്ങളിലായി 41 മത്സര ഇനങ്ങളാണ് അരങ്ങേറുന്നത്. മേളയിൽ ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി 1944 കായിക താരങ്ങൾ പങ്കെടുക്കും. ഗൾഫിൽ കേരള സിലബസ് പഠിപ്പിക്കുന്ന 7 സ്കൂളുകളിൽ നിന്ന് 12 പെൺകുട്ടികൾ ഉൾപ്പെടെ 35 പേർ ഇത്തവണ മേളയിൽ പങ്കെടുക്കുന്നുണ്ട്.21ന് തിരിതെളിയും തിരുവനന്തപുരം: കൗമാര കേരളത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകേകുന്ന കേരള സ്കൂൾ കായികമേളക്ക് ഒക്ടോബർ 21ന് തിരുവനന്തപുരത്ത് തിരിതെളിയും. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഐ.എം. വിജയൻ മാർച്ച് പാസ്റ്റ് റാലിയുടെ ദീപശിഖ തെളിയിക്കും. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികളും ഗൾഫ് മേഖലയിൽ നിന്നുള്ള കായിക പ്രതിഭകളും ഉൾപ്പെടെ കാൽ ലക്ഷത്തോളം കൗമാര താരങ്ങൾ മേളയിൽ മാറ്റുരക്കും. 28നാണ് സമാപനം.കായികാധ്യാപകർ സഹകരിക്കുന്നില്ല -മന്ത്രിതിരുവനന്തപുരം: സ്കുൾ കായികമേളയുമായി കായിക അധ്യാപകർ സഹകരിക്കുന്നില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. കല- കായിക അധ്യാപകരുടെ ആവശ്യങ്ങൾ പരിഗണിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിട്ടും ബഹുഭൂരിപക്ഷം അധ്യാപകരും നിസഹകരണ സമരത്തിലാണ്. സർക്കാരിൽ നിന്ന് അനുകൂല നിലപാടുണ്ടായിട്ടും കായിക അധ്യാപകർ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കല- കായിക അധ്യാപകരുടെ തസ്തിക സംരക്ഷണത്തിനായി തസ്തിക നിർണയ അനുപാതം 300:1 ആക്കുന്നതുൾപ്പെടെ പല ആവശ്യങ്ങളും അംഗീകരിച്ച് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. കായികമേളകളുടെ നടത്തിപ്പിനെ ബാധിക്കാത്ത വിധം ആവശ്യത്തിന് അധ്യാപകരെ എല്ലായിടത്തും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



