Thursday, August 7, 2025
No menu items!
Homeവാർത്തകൾസംസ്ഥാന വനിത വികസന കോര്‍പ്പറേഷന് 175 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി 

സംസ്ഥാന വനിത വികസന കോര്‍പ്പറേഷന് 175 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി 

തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്‍പ്പറേഷന് 175 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാനിച്ചത് ധാരാളം വനിതകള്‍ക്ക് സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് വായ്പ സ്വീകരിക്കാനാണ് ഈ ഗ്യാരന്റി അധികമായി അനുവദിച്ചിരിക്കുന്നത്. ഇപ്പോള്‍ ലഭ്യമായിരിക്കുന്ന അധിക ഗ്യാരന്റി കൂടി പ്രയോജനപ്പെടുത്തി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 375 കോടി രൂപയുടെ വായ്പാ വിതരണം ചെയ്യുന്നതിനാണ് വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതിലൂടെ ഈ സാമ്പത്തിക വര്‍ഷം 75,000 വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനാകും. മാത്രമല്ല ന്യൂനപക്ഷ വിഭാഗത്തിന് 175 കോടി രൂപ വായ്പാവിതരണം നടത്തുന്നതിലൂടെ 34,000 വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനുമാകും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാളും 6000 ഓളം സ്ത്രീകള്‍ക്ക് അധികമായി മിതമായ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കാന്‍ ഇത് മുഖേന സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളില്‍ നിന്നും വായ്പയെടുക്കുന്നതിലേക്ക് 2016 വരെ 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമാണ് സ്ഥാപനത്തിനുണ്ടായിരുന്നത്. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 980.56 കോടി രൂപയുടെ അധിക ഗ്യാരന്റിയാണ് കോര്‍പ്പറേഷന് അനുവദിച്ചു നല്‍കിയത്. ഇപ്പോള്‍ 175 കോടിയുടെ സര്‍ക്കാര്‍ ഗാരന്റി കൂടി നല്‍കിയതോടെ ആകെ 1295.56 കോടി രൂപയുടെ ഗ്യാരന്റിയാണ് കോര്‍പറേഷനുള്ളത്. ഇത് കോര്‍പ്പറേഷന്റെ പ്രവര്‍ത്തന മേഖലയില്‍ നിര്‍ണായക മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കും.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 36,105 വനിതകള്‍ക്ക് 340 കോടി രൂപ സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് വിതരണം ചെയ്തു. സര്‍ക്കാരില്‍ നിന്നും ലഭ്യമായ അധിക ഗ്യാരന്റി പ്രയോജനപ്പെടുത്തി ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് നാളിതുവരെ 1,12,000 ഓളം വരുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് സാധിച്ചു. കൂടാതെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 22,580 വനിതകള്‍ക്ക് 170 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments