മണ്ണയ്ക്കനാട്: മരങ്ങാട്ടുപിള്ളി കൃഷിഭവൻ്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന പ്രതീക്ഷ പച്ചക്കറി സംഘം മികച്ച പച്ചക്കറി ക്ലസ്റ്ററിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. മുൻ വർഷങ്ങളിൽ അഞ്ച് തവണ ജില്ലാതല അവാർഡ് നേടിയ പ്രതീക്ഷ സംഘത്തിന് 2023ലെ മികച്ച സംഘത്തിനാണ് സംസ്ഥാന സർക്കാരിൻ്റെ അംഗീകാരം.
16 കർഷകർ അംഗമായിട്ടുള്ള സംഘം 25 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷിയും 30-ൽ അധികം ഏക്കർ സ്ഥലത്ത് മറ്റു കൃഷികളുo ചെയ്തു വരുന്നു. പയർ, പാവൽ, പടവലം, കോവൽ, വഴുതന, വെള്ളരി, വെണ്ട, സലാഡ് കുക്കുംബർ, തക്കാളി, തടപ്പയർ, ചീര, മുളക്, മത്തൻ, ക്യാബേജ്, കോളിഫ്ളവർ എന്നീ പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്യുന്നു. സംഘത്തിന്റെ നേതൃത്വത്തിൽ കുര്യനാട് ആനിക്കോട് ജംഗ്ഷനിൽ പ്രതീക്ഷ പ്രീമിയം ഔട്ട് ലെറ്റ്, മരങ്ങാട്ടുപിള്ളിയിൽ പ്രതീക്ഷ ഇക്കോ ഷോപ്പ്. മണ്ണയ്ക്കനാട് വളകുഴിയിൽ പച്ചക്കറിതൈ ഉല്പാദന യൂണിറ്റ് , മൂല്യവർദ്ധിത ഉല്പന്ന യൂണിറ്റ് ഇവ പ്രവർത്തിക്കുന്നു.
മരങ്ങാട്ടുപിള്ളിലെയും സമീപ പഞ്ചായത്തുകളിലെയും വിവിധ കാർഷിക അനുബന്ധ പദ്ധതികൾ സംഘം നടപ്പാക്കി വരുന്നു. കർഷകർക്കാവശ്യമായ തൈകളും വിത്തുകളും സംഘം ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നു ,ഒപ്പം മണ്ണിരകംമ്പോസ്റ്റ് നിർമ്മാണം , വെർമി വാഷ് , ഫിഷ് അമിനോ ആസിഡ്, എഗ് അമിനോ ആസിഡ്, ഉല്പാദിപ്പിച്ച് കർഷകർക്കായി വിതരണം ചെയ്യുന്നതും ഇവരുടെ മികച്ച പ്രവർത്തനങ്ങളായും അവാർഡിന് പരിഗണിച്ചു. മികച്ച കർഷകർക്കുള്ള പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള റോബിൻ കല്ലോലി, എൻ.വി. സെബാസ്റ്റ്യൻ നടുപ്പറമ്പിൽ, എബിൻ കല്ലോലി, പി സി ജോസഫ് തുടങ്ങിയവർ സംഘത്തിന് നേതൃത്വം നൽകിവരുന്നു.
കർഷക ദിനത്തിൽ തിരുവനന്തപുരത്ത് നിയസഭാ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സംസ്ഥാന തല അവാർഡ് ദാനസമ്മേളനത്തിൽ കൃഷിമന്ത്രി പി.പ്രസാദിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി. പ്രശസ്തിപത്രവും ഫലകവും അമ്പതിനായിരം രൂപയും അടങ്ങുന്ന അവാർഡ് സ്വീകരിയ്ക്കാൻ പതിനാറ് സംഘാംഗങ്ങളും ഉണ്ടായിരുന്നു. പൂർണ പിന്തുണയുമായി കൃഷി ഓഫീസർ ഡെന്നീസ്, അസിസ്റ്റൻഡ് ക്യഷി ഓഫീസർ ഷിജോ ഒപ്പം ഗ്രാമ പഞ്ചായത്ത് അഗങ്ങളായ സാബുഅഗസ്ത്യൻ, തുളസീദാസ്, ഉഷ രാജു, സന്തോഷ്കുമാർ എന്നിവരും ഇവർക്കൊപ്പം അവാർഡ് വേദിയിലെത്തി.



