ആലപ്പുഴ: സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവം ഇന്ന് വൈകിട്ട് നാലിന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസില്‍ നടക്കുന്ന ചടങ്ങിൽ ബഹു. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ബഹു. മന്ത്രിമാരായ ശ്രീ. സജി ചെറിയാന്‍, ശ്രീ. പി പ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളാവും.
വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രരംഗങ്ങളില്‍ തങ്ങളുടെ കഴിവും സൃഷ്ടിപരതയും തെളിയിക്കുന്നതിനുള്ള പ്രധാനവേദിയായ ശാസ്‌ത്രോത്സവം നവംബര്‍ 15 മുതല്‍ 18 വരെ നഗരത്തിലെ അഞ്ച് സ്‌കൂളുകളിലായാണ് സംഘടിപ്പിക്കുന്നത്.
ലിയോതേര്‍ട്ടീന്ത് ഹൈസ്‌കൂള്‍, ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍, എസ്.ഡി.വി.ബോയ്സ്, ഗേള്‍സ് എന്നീ സ്‌കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലാണ് മേള നടക്കുന്നത്.
പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ സാമൂഹികശാസ്ത്ര – ഐടി മേളകളും ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ ശാസ്ത്രമേളയും ലജ്‌നത്തുല്‍ മുഹമ്മദീയ ഹൈസ്‌കൂളില്‍ ഗണിതശാസ്ത്രമേളയും എസ്.ഡി.വി.ബോയ്സ്, ഗേള്‍സ് സ്‌കൂളുകളില്‍ പ്രവൃത്തിപരിചയ മേളയുമാണ് നടക്കുന്നത്.
രാവിലെ 10 മുതല്‍ സെന്റ് ജോസഫ് എച്ച് എസ് എസില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഇത്തവണ മുതല്‍ സംസ്ഥാനസ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് എജ്യുക്കേഷന്‍ മിനിസ്റ്റേഴ്സ് ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നുള്ള 5,000 ത്തോളം വിദ്യാര്‍ഥികള്‍ 180 ഓളം ഇനങ്ങളിലായി പങ്കെടുക്കും.