തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയും കാറ്റും. തിരുവനന്തപുരം, എറണാകുളം അടക്കം വിവിധ ജില്ലകളിൽ പുലർച്ചെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ചിലയിടങ്ങളിൽ ശക്തമായ കാറ്റ് ആഞ്ഞുവീശുന്നുണ്ട്. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടാണ്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പുണ്ട്. വടക്കൻ തമിഴ്‌നാടിനും തെക്കൻ ആന്ധ്രാ പ്രദേശിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായും മധ്യ കിഴക്കൻ അറബിക്കടൽ മുതൽ മാലിദ്വീപ് വരെ 0 .9 കിലോമീറ്റർ ഉയരത്തിലായി ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്.



